തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന ആരോപണവുമായി ബിജെപി. സേതുസമുദ്രം കപ്പല്‍ കനാല്‍ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയതിന് പിന്നാലെയാണ് ബിജെപിയുടെ ആരോപണം. അന്തരിച്ച എഐഎഡിഎംകെ അധ്യക്ഷ ജെ ജയലളിത പദ്ധതിയെ ആദ്യം മുതല്‍ പിന്തുണച്ചിരുന്നെന്നും പിന്നീട് പെട്ടെന്ന് നിലപാട് മാറ്റുകയും അതിനെതിരെ കോടതിയെ സമീപിക്കുകയുമായിരുന്നെന്നും നിയമസഭാ സമ്മേളനത്തിനിടെ സ്റ്റാലിന്‍ പറഞ്ഞു. രാഷ്ട്രീയ തടസങ്ങള്‍ ഇല്ലായിരുന്നുവെങ്കില്‍ ഏകദേശം 10 വര്‍ഷം മുമ്പ് പദ്ധതി നടപ്പാകുകയും ഒരുപാട് നേട്ടങ്ങള്‍ കൈവരിക്കാനുമാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഡിഎംകെ നേതാവ് കനിമൊഴിയുടെയും ടിആര്‍ ബാലുവിന്റെയും ഉടമസ്ഥതയിലുള്ള ഷിപ്പിങ് കമ്പനികള്‍ക്ക് മാത്രമേ പദ്ധതി പ്രയോജനപ്പെടൂവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈയുടെ ആരോപണം. രാമസേതുവിന് കേടുപാടുകളുണ്ടാക്കില്ല എങ്കില്‍ മാത്രമേ പദ്ധതിയെ പിന്തുണയ്ക്കുകയുള്ളെന്നും ബിജെപി. രാമസേതു നശിപ്പിച്ചാല്‍ മേഖലയില്‍ സുനാമിക്ക് കാരണമാകാമെന്ന പ്രാഫസര്‍ ടാഡ് എസ് മൂര്‍ത്തിയുടെ ഉപദേശം മുഖ്യമന്ത്രി അവഗണിച്ചു. പദ്ധതി, സര്‍ക്കാരിന്റെ തിങ്ക് ടാങ്ക് നീതി ആയോഗ് നിശ്ചയിച്ചിട്ടുള്ള 12 ശതമാനം വാര്‍ഷിക റിട്ടേണ്‍ എന്ന നിബന്ധന പാലിക്കുന്നില്ലെന്നും അണ്ണാമലൈ പറഞ്ഞു.
മാന്നാര്‍ ഉള്‍ക്കടലില്‍ നിന്ന് പാക് കടലിടുക്കിലേക്കുള്ള ഗതാഗതം സുഗമമാക്കുന്നതാണ് കനാല്‍ പദ്ധതി. ഇത് തീരദേശ സുരക്ഷ ശക്തിപ്പെടുത്തുകയും, കപ്പലുകളുടെ ദൂരവും യാത്രാ സമയവും കുറയ്ക്കുകയും ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും.