‘മാളികപ്പുറം’ വൻ ഹിറ്റ്; വിജയം ആഘോഷിച്ച് ടീം,

0
81

2022 ഡിസംബർ അവസാനമാണ് പുറത്തിറങ്ങിയതെങ്കിലും പുതുവർഷത്തിൽ വൻ ഹിറ്റ് സ്വന്തമാക്കിയിരിക്കുകയാണ് മാളികപ്പുറം. നവാ​ഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ഉണ്ണി മുകുന്ദനും കൂട്ടരും നിറഞ്ഞാടിയപ്പോൾ അത് പ്രേക്ഷക മനസ്സിനെ തൃപ്തിപ്പെടുത്തി, കണ്ണുകളെ ഈറനണിയിച്ചു. ഈ അവസരത്തിൽ സിനിമ റിലീസ് ചെയ്ത് മൂന്ന് ദിവസം പിന്നിടുമ്പോൾ വിജയം ആഘോഷിക്കുകയാണ് മാളികപ്പുറം ടീം. അവർക്കൊപ്പം അതിഥിയായി മമ്മൂട്ടിയും ഒപ്പം കൂടി.

സിനിമയിൽ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച ദേവനന്ദയ്ക്കും മറ്റൊരു ബാലതാരമായ ശ്രീപഥിനും ഒപ്പം മമ്മൂട്ടി കേക്ക് മുറിച്ച് ആഘോഷത്തിൽ പങ്കുചേർന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. തമാശകൾ പറഞ്ഞ് ആക്ടീവ് ആയി നിന്ന മമ്മൂട്ടിക്ക് മുന്നിൽ, അനുസരണയുള്ള കുട്ടിയെ പോലെ ഉണ്ണി മുകുന്ദൻ നിൽക്കുന്നത് വീഡിയോയിൽ കാണാം.

“എന്നെ സംബന്ധിച്ച് വളരെ വലിയൊരു ദിവസമാണ് ഇന്ന്. വേറെ ഒന്നും കൊണ്ടല്ല. എന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റ് മാളികപ്പുറം സംഭവിച്ചിരിക്കുകയാണ്. ആന്റോ ചേട്ടന് ഒരുപാട് നന്ദി ഉണ്ട്. എല്ലാവരോടും നന്ദി. പ്രത്യേകിച്ച് മമ്മൂക്കയോട്. മാളികപ്പുറം എന്താണ് എന്ന് മലയാളി സമൂഹത്തിന് പറഞ്ഞ് കൊടുത്തത് മമ്മൂക്കയാണ്. ആ ഐശ്വര്യം എന്റെ കൂടെ മുന്നോട്ടും ഉണ്ടായി. 2023ലെ ആദ്യ ഹിറ്റായി സിനിമ മാറി”, എന്ന് പറഞ്ഞ ഉണ്ണി മുകുന്ദൻ, മമ്മൂട്ടിയുടെ കാല് തൊട്ട് നന്ദി അറിയിച്ചു.

അതേസമയം, മാളികപ്പുറത്തിന്‍റെ തെലുങ്ക്, തമിഴ് പതിപ്പുകള്‍ റിലീസിന് എത്തുകയാണ്. ജനുവരി ആറ് മുതലാകും ഈ ഭാഷകളിൽ ചിത്രം പ്രദർശനത്തിന് എത്തുക. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് മാളികപ്പുറം പറഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here