ചാൾസ് ശോഭരാജിനെ നേപ്പാൾ മോചിപ്പിക്കുന്നു

0
69

കാഠ്മണ്ഡു: ഫ്രഞ്ച് സീരിയൽ കില്ലർ ചാൾസ് ശോഭരാജ് ജയിൽമോചിതനാകുന്നു. പ്രായാധിക്യം കണക്കിലെടുത്താണ് ചാൾസ് ശോഭരാജിനെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീം കോടതി ഉത്തരവിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ട്. ജയിൽമോചിതനായി 15 ദിവസത്തിനുള്ളിൽ ചാൾസ് ശോഭരാജിനെ നേപ്പാളിൽ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു. രണ്ട് അമേരിക്കൻ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കുറ്റത്തിന് 2003 മുതൽ നേപ്പാളിൽ തടവിൽ കഴിയുകയാണ് ചാൾസ് ശോഭരാജ്. ഇയാൾ ആകെ ഇരുപത് കൊലപാതകങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് കരുതപ്പെടുന്നത്.

1975-ൽ യുഎസ് പൗരരായ കോണി ജോ ബ്രോൺസിച്ച് (29), പെൺസുഹൃത്ത് ലോറന്റ് കാരിയർ (26) എന്നിവരെ നേപ്പാളിൽവെച്ച് കൊലപ്പെടുത്തിയ ശേഷം അപ്രത്യക്ഷനായ ചാൾസ് ശോഭരാജിനെ 2003 സെപ്റ്റംബർ ഒന്നിന് നേപ്പാളിലെ ഒരു കാസിനോയ്ക്ക് സമീപത്തുനിന്നാണ് അറസ്റ്റ് ചെയ്തത്. കാഠ്മണ്ഡുവിലും ഭക്തപുരിലുമായാണ് ചാൾസ് ഇവരുടെ കൊല നടത്തിയതെന്നതിനാൽ പ്രത്യേക കേസുകളായാണ് പോലീസ് ചാൾസിനെതിരെ കുറ്റപത്രം തയ്യാറാക്കിയത്.

കൊലപാതകത്തിന് 20 വർഷം തടവുശിക്ഷയും വ്യാജപാസ്പോർട്ട് ഉപയോഗിച്ചതിന് ഒരു കൊല്ലവും ചേർത്ത് 21 വർഷത്തെ ജയിൽശിക്ഷയാണ് നേപ്പാൾ കോടതി ചാൾസിന് നൽകിയത്. വ്യാജ പാസ്പോർട്ട് ഉപയോഗിച്ചതിന് 2,000 രൂപ പിഴയും ചുമത്തിയിരുന്നു. 19 കൊല്ലത്തെ തടവ് ശിക്ഷ ചാൾസ് ശോഭരാജ് ഇതിനോടകം പൂർത്തിയാക്കിക്കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here