‘തമിഴ് ഭാഷ പ്രോത്സാഹിപ്പിക്കുന്നതിന് പദ്ധതികള്‍ വേണം’; തമിഴ്നാട് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

0
83

ചെന്നൈ: തമിഴ് ഭാഷ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ മുന്‍കൈയെടുക്കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് മദ്രാസ് ഹൈക്കോടതി. ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഈ നിര്‍ദ്ദേശം മുന്നോട്ടുവെച്ചത്. കഴിഞ്ഞ ദിവസമാണ് തമിഴ് ഭാഷയുടെ ഉന്നമനത്തിനായി സംസ്ഥാനസര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി കോടതിയ്ക്ക് മുന്നിലെത്തിയത്.

തമിഴിലുള്ള പുസ്തകങ്ങള്‍, ഗവേഷണ പ്രബന്ധങ്ങള്‍, എന്നിവ വേള്‍ഡ് തമിഴ് അസോസിയേഷന്‍ ലൈബ്രറിയില്‍ ലഭ്യമാക്കണമെന്നും ലൈബ്രറിയുടെ വികസനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നുമായിരുന്നു ഹര്‍ജിയിലെ പ്രധാന ആവശ്യം. ജസ്റ്റിസ് മഹാദേവന്‍, ജസ്റ്റിസ് സത്യ നാരായണ പ്രസാദ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.

അതേസമയം തമിഴ് ഭാഷയുടെ പ്രചാരണത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കേണ്ട ഉത്തരവാദിത്തം തമിഴ്‌നാട് സര്‍ക്കാരിനുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തമിഴ് സംഘകാല സാഹിത്യവുമായി ബന്ധപ്പെട്ട അറിവുകള്‍ ഇന്നത്തെ തലമുറയിലേക്ക് കൂടി പകര്‍ന്നു നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നും കോടതി പറഞ്ഞു.

എന്നാൽ സര്‍ക്കാര്‍ സര്‍വീസുകളില്‍ പ്രവേശനം നേടുന്നതിനുള്ള മത്സര പരീക്ഷകളില്‍ തമിഴ് ഭാഷയില്‍ നിര്‍ബന്ധിത പേപ്പര്‍ ഉള്‍പ്പെടുത്തുമെന്ന് നേരത്തെ തമിഴ്നാട് സര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇതിലൂടെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്ന തമിഴ് ഭാഷ പ്രാവീണ്യം പത്താം ക്ലാസ്സ് നിലവാരം വരെ മാത്രമാണെന്നാണ് സര്‍ക്കാരിന്റെ ന്യായീകരണം. മാത്രമല്ല, ഈ വ്യവസ്ഥ സ്വകാര്യ മേഖലയ്ക്ക് ബാധകമല്ലെന്നും സര്‍ക്കാര്‍ അറിയിച്ചിരുന്നു.

തമിഴ് പരീക്ഷയില്‍ വിജയിക്കാന്‍ 40% സ്‌കോര്‍ മതിയെന്നും പുതിയ വ്യവസ്ഥയിലൂടെ തമിഴ് ഭാഷയില്‍ ഡോക്ടറേറ്റ് നേടിയ വ്യക്തിയില്‍ നിന്നുള്ള അറിവല്ല മത്സരാര്‍ത്ഥികളില്‍ നിന്ന് പ്രതീക്ഷിക്കുന്നതെന്നും സര്‍ക്കാരിന്റെ തീരുമാനത്തെ ന്യായീകരിച്ചു കൊണ്ട് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിലെയും അനുബന്ധ സേവനങ്ങളിലെയും ജീവനക്കാരെ സംബന്ധിച്ച് അവരുടെ ചുമതലകള്‍ നിറവേറ്റുന്നതിനായി എല്ലാ ദിവസവും പ്രാദേശികവാസികളുമായി നേരിട്ട് ബന്ധപ്പെടേണ്ടതായി വരും അതിനാല്‍, പത്താം ക്ലാസ് നിലവാരത്തിലുള്ള തമിഴ് പരിജ്ഞാനമെങ്കിലും ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉണ്ടായിരിക്കേണ്ടത് ആവശ്യമാണ്.

തമിഴ് പേപ്പറില്‍ 40 മാര്‍ക്ക് പോലും നേടാന്‍ കഴിയുന്നില്ലെങ്കില്‍, അത്തരമൊരു വ്യക്തി തമിഴ്‌നാട് സര്‍ക്കാരിന് കീഴിലുള്ള സേവനങ്ങള്‍ക്ക് യോഗ്യനല്ലെന്നും തീരുമാനത്തിന് പിന്നിലെ യുക്തി വിശദീകരിച്ചു കൊണ്ട് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. മുന്‍കാലങ്ങളില്‍ തമിഴ് അറിയാത്തവരെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് നിയമിച്ച സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന എല്ലാ മത്സര പരീക്ഷകള്‍ക്കും ഇനി മുതല്‍ തമിഴ് ഭാഷയില്‍ നിര്‍ബന്ധിത പേപ്പര്‍ ഉണ്ടായിരിക്കുമെന്ന സര്‍ക്കാര്‍ തീരുമാനം വന്നത് ഇക്കഴിഞ്ഞ ഡിസംബറിലാണ്. തമിഴ് ഭാഷയിലെ ഈ നിര്‍ബന്ധിത പേപ്പര്‍ പാസാകുന്നതായിരിക്കും ഇനി മുതല്‍ തമിഴ്‌നാട് സര്‍ക്കാര്‍ സേവനങ്ങളിലേക്കും സര്‍ക്കാര്‍ നടത്തുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം നേടുന്നതിനുള്ള അടിസ്ഥാന യോഗ്യതാ മാനദണ്ഡമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here