തിരുവനന്തപുരം: പാലോട് അമിതവേഗത്തിൽ വന്ന ബൈക്ക് തെന്നി മറിഞ്ഞ് എതിരെ വന്ന ബസ്സിനടിയിൽപ്പെട്ട് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം. പാലോട് ചല്ലിമുക്ക് സ്വദേശികളായ നവാസ് (20), ഉണ്ണി (22) എന്നിവരാണ് മരിച്ചത്. സംസ്ഥാന പാതയിൽ പാലോട് സ്വാമി മുക്കിൽ ഇന്ന് രാവിലെ 7.30 നാണ് അപകടം. മടത്തറയിൽ നിന്ന് പാലോട് ഭാഗത്തേക്ക് പോയ ബൈക്ക് വളവിൽ തെന്നി മറിയുകയും എതിരെ വന്ന സ്വകാര്യ ബസിന് അടിയിൽപ്പെടുകയുമായിരുന്നു. ബസ്സിന്‍റെ പിൻചക്രങ്ങൾ കയറി ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. പാലോട് പൊലീസ് കേസെടുത്തു. മൃതദേഹങ്ങൾ തുടർ നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
ഇതിനിടെ തൊടുപുഴയിൽ മുന്നറയിപ്പ് ബോര്‍ഡുകളില്ലാതെ റോഡിന് കുറുകെ സ്ഥാപിച്ച കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രക്കാരന് സാരമായി പരിക്കേറ്റ സംഭവത്തില്‍ കരാറുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. കാരിക്കോട് തെക്കുംഭാഗം റോഡിന്‍റെ നിർമ്മാണ പ്രവർത്തിക്ക് കരാർ എടുത്ത നസീർ പി മുഹമ്മദാണ് അറസ്റ്റിലായത്. മുന്നറിയിപ്പ് ബോർഡ് ഇല്ലാതെ കയർ റോഡിന് കുറുകെ ഇട്ടതിനും അശ്രദ്ധമായി അപകടമുണ്ടാകുന്ന തരത്തിൽ പൊതുമരാമത്ത് പണികൾ നടത്തിയതിനുമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇയാളെ ജാമ്യത്തിൽ വിട്ടു.
സംഭവത്തില്‍ പൊതുമരാമത്ത് ഉദ്യോഗസ്ഥനെതിരെ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ബോര്‍ഡ് സ്ഥാപിക്കാതെ അശ്രദ്ധമായി റോഡ് തടസ്സപ്പെടുത്തിയെന്ന് കണ്ടതിനെ തുടര്‍ന്നാണ് കേസെടുത്തത്. നിര്‍മ്മാണ ചുമതലയുള്ള അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്കെതിരെയാണ് കേസ്. ബൈക്ക് യാത്രക്കാരനായ ജോണിയുടെ പരാതിയിലാണ് കരാറുകാരനെതിരെ തൊടുപുഴ പൊലീസ് കേസെടുത്തത്. കരാറുകാരന് വീഴ്ച്ച പറ്റിയിട്ടുണ്ടെന്ന് പ്രഥാമിക പരിശോധനയില്‍ വ്യക്തമായി.