തിരുവള്ളൂർ: പൊതുസ്ഥലത്ത് അലക്ഷ്യമായി മാലിന്യം തള്ളുന്ന വിഷയത്തിൽ ജനങ്ങൾക്കിടയിൽ അവബോധം വളർത്താൻ രംഗോലികൾ വരച്ച് തമിഴ്‌നാട് തിരുവള്ളൂർ നഗരസഭ. ഡിസംബർ 17ന് ഓരോ വാർഡുകളിലെയും തെരുവുകളിലെയും പ്രവേശന കവാടങ്ങൾക്ക് മുന്നിലാണ് രംഗോലികൾ വരച്ചത് . ഇതുവഴി ജനങ്ങൾക്കിടയിൽ മാലിന്യ നിർമാർജനത്തെക്കുറിച്ച് ബോധവത്കരണം നടത്തുകയാണ് ലക്ഷ്യം.
60,000ത്തിലധികം ആളുകൾ താമസിക്കുന്ന ജില്ലയിലെ 27 വാർഡുകളിൽ മാലിന്യ നിർമാർജനത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുന്നതിനായി, മുനിസിപ്പൽ ഉദ്യോഗസ്ഥർ, പ്രവർത്തകർ, സ്‌കൂൾ വിദ്യാർത്ഥികൾ, സർക്കാരിതര സംഘടനകൾ എന്നിവരുമായി ചേർന്നാണ് പദ്ധതി നടപ്പിലാക്കിയത്. മാലിന്യം വേർതിരിക്കുന്നതിന്റെ ആവശ്യകതയെക്കുറിച്ചും ഭാവിയിൽ അതിന്റെ നേട്ടങ്ങളെക്കുറിച്ചും ജനങ്ങളെ അറിയിക്കാൻ സന്നദ്ധപ്രവർത്തകർ വീടുതോറുമുള്ള പ്രചാരണങ്ങളും നടത്തുന്നുണ്ട്.
ഇതനുസരിച്ച് വാർഡ് നമ്പർ 25 നെ മാലിന്യമുക്ത മേഖലയാക്കുന്നതിന്റെ ഭാഗമായി തിരുവള്ളൂർ കട്ടബൊമ്മൻ തെരുവിന്റെ കവാടത്തിൽ വാർഡ് അംഗം വിജയലക്ഷ്മിയും മറ്റ് അംഗങ്ങളും ചേർന്ന് വർണ്ണാഭമായ രംഗോലികൾ വരച്ചു. മാലിന്യം കൃത്യമായി നിർമാർജ്ജനം ചെയ്യാൻ സാധിക്കാത്തത് ഇപ്പോഴും വലിയൊരു പ്രതിസന്ധിയാണ്. മാലിന്യം നിക്ഷേപിക്കാൻ കൃത്യമായ ഇടങ്ങൾ ഇല്ലാത്തതിനാൽ പലപ്പോഴും ഭക്ഷണ അവശിഷ്ടങ്ങൾ പൊതുവഴിയിൽ ഉപേക്ഷിക്കുകയാണ് ചെയ്യുന്നത്.
എന്നാൽ ഭാവിയിൽ പാഴായി പോകുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് പാറ്റികൾ ഉണ്ടാക്കാൻ സാധിക്കുമെന്ന് ഒരു ഗവേഷണ റിപ്പോർട്ട് പുറത്തു വന്നിരുന്നു. അതായത്, നമ്മൾ വേസ്റ്റ് കുട്ടകളിൽ നിക്ഷേപിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ നിന്ന് പോഷക സമൃദ്ധമായ ഭക്ഷണം ഉണ്ടാക്കാനുള്ള ഗവേഷണങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
ന്യൂസിലാൻഡിലെ ഓഫ് പിസ്റ്റെ ബ്രാൻഡാണ് ഈ പരീക്ഷണത്തിന് പിന്നിൽ. ഇവർ വിശദമായ പഠനങ്ങൾക്കായി സിംഗപ്പൂരിലെ നന്യാങ് ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയെ സമീപിച്ചിരിക്കുകയാണ്. ഭക്ഷ്യ മാലിന്യത്തിൽ നിന്ന് ഒരു ഫംഗസിനെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണം ഉൽപ്പാദിപ്പിക്കാനാണ് ഇവരുടെ ശ്രമം. പ്രത്യേക രുചിയും പ്രോട്ടീനും ഇതിലുണ്ടാകും. ഇതൊരു ഭ്രാന്തൻ ആശയമാണെന്ന് പലർക്കും തോന്നിയേക്കാം. എന്നാൽ ശാസ്ത്രലോകം വളരെ പ്രാധാന്യത്തോടെയാണ് ഈ ഗവേഷണത്തെ നോക്കിക്കാണുന്നത്.