കൊച്ചി മുസിരിസ് ബിനാലെയ്ക്ക് തുടക്കം കുറിച്ച് മുഖ്യമന്ത്രി

0
56

കൊച്ചി മുസ്സിരിസ് ബിനാലെയ്ക്ക് അഞ്ചാം പതിപ്പിന് തുടക്കം. ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി ബിനാലെ ഉദ്ഘാടനം നിർവഹിച്ചു. സംസ്‌കാരമെന്നത് പൊതുമണ്ഡലത്തില്‍ നിന്നു വേറിട്ടു നില്‍ക്കുന്ന ഒന്നല്ല. ഒരു സമൂഹത്തില്‍ സാധാരണമായത് എന്താണോ അതാണ് സംസ്‌കാരം എന്ന് ഉദ്ഘാടന പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
സാംസ്‌കാരിക രംഗത്തു കാര്യക്ഷമമായി ഇടപെട്ടുകൊണ്ട് സാമൂഹിക പുരോഗതിക്ക് ആക്കം കൂട്ടാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്.

പ്രതിലോമ ശക്തികള്‍ക്കെതിരെ വൈവിധ്യമാര്‍ന്ന സാംസ്‌കാരിക പ്രാതിനിധ്യത്തിലൂടെ ചെറുത്തുനില്‍പ്പുകള്‍ക്കു കരുത്തു പകരുന്നു എന്നതാണ് കലാപരമായ അംശത്തിനു പുറമെ ബിനാലെയുടെ രാഷ്ട്രീയമാനം. വൈവിധ്യങ്ങളെ തച്ചുടച്ചുകൊണ്ട് ഒരൊറ്റ വംശം, ഒരൊറ്റ ഭാഷ, ഒരൊറ്റ വേഷം എന്നിങ്ങനെ പ്രതിലോമപരമായ ആശയങ്ങള്‍ നടപ്പാക്കാന്‍ പല ശക്തികളും ശ്രമിക്കുന്ന കാലമാണിത്. കലാമികവു പ്രകടിപ്പിക്കാന്‍ എല്ലാവിഭാഗം ജനങ്ങള്‍ക്കും അവസരമൊരുക്കുന്ന ജനാധിപത്യപരമായ സമീപനമാണ് ബിനാലെയ്ക്കുള്ളത് എന്നത് പ്രത്യേകം ശ്രദ്ധേയമാണ്.

അന്താരാഷ്ട്ര തലത്തിലേക്ക് അഭിമാനകരമായി വളര്‍ന്ന ബിനാലെയുടെ സാംസ്‌കാരിക പ്രാധാന്യം ഉള്‍ക്കൊണ്ടുതന്നെയാണ് ഇത്തവണ മേളയ്ക്ക് ധനസഹായമായി ഏഴു കോടി രൂപ നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്. ഇന്ത്യയിലെ ഒരു സാംസ്‌കാരിക പരിപാടിയ്ക്കു നല്‍കുന്ന ഏറ്റവും വലിയ സര്‍ക്കാര്‍ സഹായമാണിത്. പ്രാദേശിക സാംസ്‌കാരിക ഘടകങ്ങളുള്‍പ്പെടെ വൈവിധ്യങ്ങളെ പരിപോഷിപ്പിക്കുന്ന ബൃഹത്തായ മേളയായി വളരാന്‍ കൊച്ചി ബിനാലെയ്ക്ക് കഴിയട്ടെയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

അന്താരാഷ്ട്ര നിലവാരമുള്ള സമകാല കലാമേള നമ്മുടെ മണ്ണിലേക്ക് എത്തിക്കുക എന്ന സ്വപ്നങ്ങള്‍ക്കുമപ്പുറമായിരുന്ന നേട്ടമാണ് പത്തു വര്‍ഷം മുമ്പ് ഇതേ തീയതി ആരംഭിച്ച ആദ്യ ബിനാലെയിലൂടെ സാക്ഷാത്കൃതമായതെന്ന് കൊച്ചി മുസിരിസ് ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ആമുഖ പ്രഭാഷണത്തില്‍ പറഞ്ഞു. ഇതിനും ബിനാലെയുടെ തുടര്‍ വളര്‍ച്ചയ്ക്കും കലാകാരന്‍മാരുടെയും കലാസ്‌നേഹികളുടെയും അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. എല്ലാറ്റിലുമുപരി സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ലോഭമായ സഹകരണവും സഹായവും . കൊച്ചി ബിനാലെ ജനങ്ങള്‍ ഏറ്റെടുത്ത ജനങ്ങളുടെ ബിനാലെയാണ്. ലോകകലയ്ക്കും ടൂറിസത്തിനും കൊച്ചിയിലേക്കും കേരളത്തിലേക്കും ബിനാലെ വാതായനമായെന്നും അദ്ദേഹം പറഞ്ഞു.

മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി രാജീവ്, അഡ്വ. പി എ മുഹമ്മദ് റിയാസ്, കൊച്ചി മേയര്‍ അഡ്വ. എം അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ കെ ജെ മാക്‌സി, ടി ജെ വിനോദ്, മുന്‍ മന്ത്രി കെ വി തോമസ്, ഇന്ത്യയിലെ ഫ്രഞ്ച് അംബാസഡര്‍ ഇമ്മാനുവേല്‍ ലെനെയിന്‍, കോസ്റ്റ് ഗാര്‍ഡ് കമാന്‍ഡര്‍ എന്‍ രവി, കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ ട്രസ്റ്റി കൂടിയായ ലുലു ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് എംഡി അദീബ് അഹമ്മദ്, ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്റ് ബോസ് കൃഷ്ണമാചാരി ,എന്നിവരും ചടങ്ങിലുണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here