ചിറ്റഗോങ്: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ബംഗ്ലാദേശ്. ഷാക്കിബ് അല്‍ ഹസന്‍ നായക സ്ഥാനത്ത് തിരിച്ചെത്തിയപ്പോള്‍ പരിക്കേറ്റ തമീം ഇഖ്ബാല്‍ ടീമിലില്ല. അതേസമയം, പരിക്കു കാരണം ഏകദിന പരമ്പരയില്‍ കളിക്കാതിരുന്ന പേസര്‍ ടസ്കിന്‍ അഹമ്മദ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തി. 14ന് തുടങ്ങുന്ന ആദ്യ ടെസ്റ്റിന് മുമ്പ് ടസ്കിന് കായികക്ഷമത തെളിയിക്കാനാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഏകദിന പരമ്പരയില്‍ 2-0ന്‍റെ ലീഡ് നേടി പരമ്പര സ്വന്തമാക്കിയ ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. പരിക്കിന്‍റെ പിടിയിലുളള ഇന്ത്യയാകട്ടെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ കളിക്കുമോ എന്ന ആശങ്കയിലാണ്. രോഹിത്തിന് പുറമെ പേസര്‍ മുഹമ്മദ് ഷമിയും രവീന്ദ്ര ജഡേജയും ജസ്പ്രീത് ബുമ്രയും ഒന്നും ഇല്ലാതെയാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്നത്.
ഏകദിന പരമ്പരയില്‍ ഇന്ത്യയുടെ കണ്ണിലെ കരടായി മാറിയ മെഹ്ദി ഹസന്‍ മിറാസ് ടെസ്റ്റ് ടീമിലും ഇടം നേടി. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയാല്‍ ലോത ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലിലെത്താനുള്ള സാധ്യത വര്‍ധിപ്പിക്കാന്‍ ഇന്ത്യക്കാവും. ഇംഗ്ലണ്ട്-പാക്കിസ്ഥാന്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന്‍ തോറ്റതോടെ ഇന്ത്യയുടെ സാധ്യത വര്‍ധിച്ചിട്ടുണ്ട്.