ഇന്ത്യ എന്നാണ് ഒരു ലോകകപ്പ് കളിക്കുക…ഓരോ ലോകകപ്പ് വരുമ്പോഴും സ്ഥിരമായി ഉയർന്നുകേൾക്കുന്ന ചോദ്യമാണിത്. മെസ്സിയേയും നെയ്മറേയും റൊണാൾഡോയേയും ആരാധിക്കുന്ന, ബ്രസീലിനും അർജന്റീനയ്ക്കും യൂറോപ്യൻ ടീമുകൾക്കും വേണ്ടി ആർപ്പ് വിളിക്കുന്ന ഇന്ത്യൻ ഫുട്ബോൾ ആരാധകർ ഏറെക്കാലമായി കാണുന്ന സ്വപ്നമാണ് രാജ്യത്തിന്റെ ലോകകപ്പ് പ്രവേശനം. ഓരോ ലോകകപ്പ് വരുമ്പോഴും ഇന്ത്യൻ കളിക്കാരുടെ കട്ടൗട്ട് ഉയർത്തുന്നതും ഗ്യാലറിയിലിരുന്ന് രാജ്യത്തിനായി ആർപ്പ് വിളിക്കുന്നതും അവർ സ്വപ്നം കാണും. പക്ഷേ, ലോകകപ്പ് കഴിന്നതോടെ എല്ലാവരും എല്ലാം മറക്കും. വീണ്ടും അടുത്ത ലോകകപ്പ് എത്തണം ഈ സ്വപ്നങ്ങൾ പൊടിതട്ടിയുണരാൻ.
2002-ൽ ഇന്ത്യ ലോകകപ്പ് യോഗ്യത നേടാനാകാതെ വന്നപ്പോൾ, അന്നത്തെ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ അധ്യക്ഷൻ പ്രിരഞ്ജൻ ദാസ് മുൻഷി പറഞ്ഞത് നമുക്ക് 2018-ൽ ലോകകപ്പിന് യോഗ്യത നേടാൻ സാധ്യതയുണ്ടെന്നാണ്. അടുത്ത ലോകകപ്പ് വന്നെങ്കിലും ഇന്ത്യക്ക് യോഗ്യത നേടാനായില്ല. എന്നാൽ പുതിയ അധ്യക്ഷൻ കല്യാൺ ചൗബേയോട് ഇക്കാര്യത്തിൽ പങ്കുവെച്ച ശുഭാപ്തി വിശ്വാസം രാജ്യത്തിന് പ്രതീക്ഷ പകരുന്നതാണ്. 2026-ലോകകപ്പിൽ ടീമുകളുടെ എണ്ണം 32-ൽ നിന്ന് 48 ആയി ഉയർത്തുന്നതോടെ ഇന്ത്യക്ക് സാധ്യതയുണ്ടെന്നാണ് ചൗബേ പറഞ്ഞത്.
2017-ൽ തന്നെ ആരംഭിച്ചതാണ് 2026 ലേകകപ്പിൽ ടീമുകളുടെ എണ്ണം വർധിപ്പിക്കാനുള്ള ചർച്ചകൾ. ലോകകപ്പിൽ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 32-ൽ നിന്ന് 48 ആയി ഉയർത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വടക്കേ അമേരിക്കൻ ഭൂഖണ്ഡത്തിലെ മൂന്ന് രാജ്യങ്ങൾ സംയുക്തമായി വേദിയൊരുക്കുന്ന ലോകകപ്പിന്റെ ടൂർണമെന്റ് ഫോർമാറ്റ് സംബന്ധിച്ച് പക്ഷേ അന്തിമ തീരുമാനം ആയിട്ടില്ല. എങ്കിലും മൂന്ന് ടീമുകൾ വീതമുള്ള 16 ഗ്രൂപ്പുകളും അതിൽ നിന്ന് രണ്ട് ടീമുകൾ അടുത്ത റൗണ്ടിലേക്ക് മുന്നേറുന്നതുമാണ് നിലവിൽ പരിഗണിക്കുന്ന ഫോർമാറ്റ്.