ഭീകരവാദ ധനസഹായത്തിന് ഇ-വാലറ്റുകള്‍ ഉപയോഗിക്കുന്നു; അന്വേഷണം ശക്തമാക്കി കേന്ദ്ര ഏജന്‍സികള്‍

0
94

രാജ്യത്ത് ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള ധനസഹായത്തിന് പ്രധാന ഉപാധിയായി ഇ-വാലറ്റുകള്‍ മാറിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ മാസങ്ങളില്‍ നിരവധി അന്വേഷണ ഏജന്‍സികള്‍ നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തു വന്നത്.

പരിശോധിച്ച നിരവധി ഭീകാരാക്രമണ കേസുകളിലും പ്രതികള്‍ക്ക് പണം ലഭിച്ചത് വിവിധ ഇ-വാലറ്റുകൾ വഴിയായിരുന്നുവെന്നാണ് വിവിധ അന്വേഷണ ഏജന്‍സി റിപ്പോര്‍ട്ടില്‍ പറയുന്നത്. ചെറിയ തുകകളായിട്ടാണ് പ്രതികള്‍ക്ക് പണം ലഭിച്ചിരുന്നത്.

എന്‍ഐഎ അന്വേഷിച്ച ഒരു കേസില്‍ പ്രതിയായ മുഹ്‌സില്‍ അഹമ്മദ് വിദേശത്തുള്ളവരില്‍ നിന്നും മറ്റ് അനുഭാവികളില്‍ നിന്നും പണം സ്വരൂപിച്ചത് ഇ-വാലറ്റിലൂടെയായിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്.

അതേസമയം ജാമിയ മിലിയ സര്‍വകാലശാലയിലെ ഒരു വിദ്യാര്‍ത്ഥിയും ഇത്തരത്തില്‍ നിരവധി വാലറ്റുകളിലൂടെ പണം വാങ്ങിയിട്ടുണ്ട്. നിരവധി കമ്പനികളും പണം നല്‍കിയവരില്‍ പെടുന്നുവെന്നും അന്വേഷണ ഏജന്‍സികള്‍ പറയുന്നു. തുടര്‍ന്ന് ഇ-വാലറ്റ് അക്കൗണ്ടുകള്‍ വ്യാപകമായി ഉപയോഗിക്കുന്നവരെ കര്‍ശനമായി നിരീക്ഷിച്ചു വരികയാണ് അന്വേഷണ ഏജന്‍സികള്‍.

സാധാരണയായി നടത്തുന്ന പണകൈമാറ്റം എന്ന നിലയിലാണ് ഈ കൈമാറ്റങ്ങള്‍ ഒക്കെ നടക്കുന്നത് എന്നാണ് അന്വേഷണത്തില്‍ തെളിഞ്ഞത്.

അതേസമയം കോയമ്പത്തൂര്‍ സ്‌ഫോടന കേസിലും പ്രതി ഇ-വാലറ്റിലൂടെയാണ് പണം വാങ്ങിയിരുന്നത് എന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഈ തുക ഉപയോഗിച്ചാണ് ഇയാള്‍ ഐഇഡി പോലുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങിയിരുന്നത്.

ഭീകരവാദത്തിനായുള്ള പണത്തിന്റെ ഒഴുക്കുമായി ബന്ധപ്പെട്ട് മറ്റ് ചില കേസുകളും കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ട് നിരോധിച്ചതിന് പിന്നാലെ ഈ സംഘടനയിലെ അംഗങ്ങള്‍ ഇ-വാലറ്റിലൂടെയാണ് ഫണ്ട് സമാഹരണം നടത്തിയിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരിക്കുകയാണ്. പണം കണ്ടെത്തിയ ശേഷം അവ ചില അക്കൗണ്ടുകളിലേയ്ക്ക് മാറ്റിയെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

ജമ്മുകശ്മീരിലും സ്ഥിതി ഇതുതന്നെയാണ്. തീവ്രവാദികള്‍ ഇ-വാലറ്റാണ് പണം സ്വരൂപിക്കാനായി ഇവിടെയും ഉപയോഗിക്കുന്നതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here