തിരുവനന്തപുരം: സഭ നിയന്ത്രിക്കാൻ വനിതാ അംഗങ്ങളെ പരിഗണിച്ച് ചരിത്രം സൃഷ്ടിക്കാനൊരുങ്ങി കേരള നിയമസഭ. പാനൽ ചെയർമാൻ എന്നാണ് ഇപ്രകാരം നിശ്ചയിക്കപ്പെടുന്നവർ അറിയപ്പെടുന്നത്. ഇതിനായി വനിതാ അംഗങ്ങളെ നിർദ്ദേശിക്കണമെന്ന് സ്പീക്കർ എ എൻ ഷംസീർ വിവിധ പാർട്ടികളോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ചയാണ് നിയമസഭ സമ്മേളനം തുടങ്ങുന്നത്.
സി പി എമ്മിലെ യു പ്രതിഭ, കാനത്തിൽ ജമീല, സി പി ഐയിലെ സി കെ ആശ എന്നിവരുടെ പേരുകളാണ് ഭരണപക്ഷം നിർദ്ദേശിച്ചിരിക്കുന്നത്. ആർ എംപി നേതാവ് കെകെ രമ, കോൺഗ്രസ് നേതാവ് ഉമ തോമസ് എന്നിവരുടെ പേരാണ് പ്രതിപക്ഷം നിർദ്ദേശിച്ചിട്ടുണ്ട്. ഇവരിൽ നിന്നും സീനിയോറിറ്റി പരിഗണിച്ചായിരിക്കും നിയമനം.
പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനമാണ് ഡിസംബർ അഞ്ച് മുതൽ ആരംഭിക്കുന്നത്.നിയമനിർമ്മാണത്തിനായി ചേരുന്ന സമ്മേളനം 9 ദിവസം ചേരാനാണ് തീരുമാനിച്ചതെന്നാണ് സ്പീക്കർ അറിയിച്ചത്.