ന്യൂഡൽഹി: വരുന്ന കേന്ദ്ര ബജറ്റിൽ 300 മുതൽ 400 വരെ അതിവേഗ വന്ദേ ഭാരത് ട്രെയിനുകൾ പ്രഖ്യാപിക്കുമെന്ന് റെയിൽവേ മന്ത്രാലയം. നാല് വർഷത്തിനുള്ളിൽ 475 വന്ദേ ഭാരത് ട്രെയിനുകൾ അവതരിപ്പിക്കുന്നതിന് പുറമേയാകും ഇത്. സ്ലീപ്പർ കോച്ചുകളോട് കൂടിയ ആദ്യ ട്രെയിൻ 2024-ൽ പുറത്തിറക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
പുതിയ പ്രഖ്യാപനം കേരളത്തിനും പ്രതീക്ഷ നൽകുന്നതാണ്. രാജധാനി, ശതാബ്ദി എന്നിവയ്‌ക്ക് പകരം വന്ദേ ഭാരത് ഘട്ടം ഘട്ടമായി അവതരിപ്പിക്കാനും സർക്കാർ ആലോചിക്കുന്നതായി അറിയിച്ചു. രാജ്യത്ത് അഞ്ച് വന്ദേ ഭാരത് സർവീസുകളാണ് ഉള്ളത്. ദക്ഷിണേന്ത്യയിൽ ചെന്നൈ-മൈസൂരു സർവീസ് മാത്രമാണുള്ളത്. കഴിഞ്ഞ ദിവസം ധനമന്ത്രിമാരുടെ യോഗത്തിൽ വന്ദേ ഭാരത് സർവീസുകൾക്കായി കേരളം ആവശ്യപ്പെട്ടിരുന്നു.
2025-26-ഓടെ വന്ദേ ഭാരത് ട്രെയിനുകളുടെ പ്രധാന കയറ്റുമതിക്കാരായി മാറാൻ ഇന്ത്യ പദ്ധതിയിടുന്നുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. യൂറോപ്പ്, തെക്കേ അമേരിക്ക, കിഴക്കൻ ഏഷ്യ എന്നിവിടങ്ങളിലെ വിപണികളിലേക്കാകും പ്രധാനമായും വന്ദേ ഭാരത് ട്രെയിനുകൾ കയറ്റുമതി ചെയ്യുക.