ഇപ്പോൾ ചെറുപ്പക്കാരികളായ സ്ത്രീകൾ പുരുഷന്മാരെ പോലെ തന്നെ മദ്യപിക്കുന്നു. അതാണ് രാജ്യത്തിന്റെ ജനന നിരക്ക് കുറയുന്നതിന് കാരണമായിത്തീരുന്നത് എന്നായിരുന്നു നേതാവിന്റെ വിവാദ പരാമർശം. 73 -കാരനായ രാഷ്ട്രീയ നേതാവും പോളണ്ടിലെ ലോ ആൻഡ് ജസ്റ്റിസ് പാർട്ടിയുടെ തലവനുമായ കാസിൻസ്കി ശനിയാഴ്ചയാണ് ഈ പ്രകോപനപരമായ പരാമർശങ്ങൾ നടത്തിയത്.
‘ഒരുദാഹരണത്തിന്, സാഹചര്യങ്ങൾ ഇങ്ങനെ ഒക്കെയാണ്. 25 വയസു വരെ പെൺകുട്ടികൾ പുരുഷന്മാരെ പോലെ തന്നെ കുടിക്കുന്നു. അതുകൊണ്ട് തന്നെ അവർക്ക് കുട്ടികളും ഉണ്ടാവുന്നില്ല’ എന്നാണ് കാസൻസ്കി പറഞ്ഞത് എന്ന് ദ ഗാർഡിയൻ എഴുതുന്നു.
‘ഒരു ശരാശരി പുരുഷന് മദ്യപാനിയാവാൻ 20 വർഷം വേണ്ടി വരും. എന്നാൽ, സ്ത്രീകൾ വെറും രണ്ട് വർഷം കൊണ്ട് തന്നെ മദ്യപാനികളായി മാറുന്നു’ എന്നും രാഷ്ട്രീയ നേതാവ് പറഞ്ഞു. ‘വളരെ ചെറുപ്പത്തിൽ തന്നെ സ്ത്രീകൾ അമ്മയാവുന്നതിനോട് തനിക്ക് യോജിപ്പില്ല. കാരണം, അമ്മയാവാൻ നല്ല പക്വത ആവശ്യമുണ്ട്. എന്നാൽ, 25 വയസുവരെ അവർ മദ്യപിച്ച് നടക്കുകയാണ് എങ്കിൽ അത് ഇവിടുത്തെ ജനനനിരക്കിന് നല്ലതല്ല’ എന്നും കാസിൻസ്കി പറഞ്ഞു.
ഒരു ഡോക്ടറുടെ അനുഭവത്തിൽ നിന്നുമാണ് താനിത് പറയുന്നത്. അവർക്ക് മൂന്നിലൊന്ന് മദ്യപാനികളായ പുരുഷന്മാരേയും അതിൽ നിന്നും പുറത്ത് കൊണ്ടുവരാൻ സാധിക്കും എന്നാൽ സ്ത്രീകളെ അതുപോലെ പറ്റില്ല തുടങ്ങിയ പരാമർശങ്ങളും നേതാവ് നടത്തി.
ഏതായാലും, പ്രതിപക്ഷവും ആക്ടിവിസ്റ്റുകളും നേതാവിന്റെ വിവാദ പരാമർശത്തെ നിശിതമായി വിമർശിച്ചു. കാസിൻസ്കി പരിധി ലംഘിക്കുകയാണ് എന്നും സ്ത്രീകളെ ഒന്നടങ്കം അപമാനിക്കുന്ന പരാമർശമാണ് ഇപ്പോൾ നടത്തിയത് എന്നും അവർ ആരോപിച്ചു.
പോളണ്ടിൽ സ്ത്രീകൾക്ക് വോട്ടവകാശം കിട്ടിയതിന്റെ 104 -ാമത് വാർഷികമായ നവംബർ 28 -ന് വാഴ്സയിലുള്ള കാസിൻസ്കിയുടെ വീട്ടിലേക്ക് പ്രതിഷേധ മാർച്ച് നടത്താൻ ഇവിടുത്തെ സ്ത്രീകളുടെ സംഘടന തീരുമാനിച്ചിരിക്കയാണ്.