പഠിപ്പിക്കുന്ന അധ്യാപകനെ പ്രണയിച്ച് വിവാഹം ചെയ്ത വിദ്യാര്‍ത്ഥി. അതും മുപ്പത്തിരണ്ട് വയസിന്‍റെ വ്യത്യാസം. പാക്കിസ്ഥാനില്‍ നിന്നുള്ള ഈ പ്രണയജോഡിയുടെ കഥ ഒരു യൂട്യൂബ് ചാനലിലൂടെയാണ് ഏവരുമറിഞ്ഞത്. എങ്ങനെ വീട്ടുകാരും മറ്റുള്ളവരും ഈ ബന്ധത്തെ അംഗീകരിച്ചുവെന്നത് തന്നെയായിരിക്കും മിക്കവരുടെയും സംശയം.
അതുപോലെ തന്നെ ഇത്രയും വയസിന് മുതിര്‍ന്ന അധ്യാപകനെ എന്തുകൊണ്ട് ഈ വിദ്യാര്‍ത്ഥി പ്രണയിച്ചു എന്ന സംശയവും തോന്നാം. ഇരുപതുകാരിയായ സോയ നൂറിന്‍റെ ഉത്തരം ലളിതമാണ്. പ്രണയം തോന്നി, പ്രണയിച്ചുപോയി- പിന്നെ എന്ത് ചെയ്യാനാണ്. എങ്കിലും അധ്യാപകന്‍റെ വ്യകിത്വമാണ് തന്നെ ആകര്‍ഷിച്ചതെന്ന് നൂര്‍ എടുത്തുപറയുന്നു. മറ്റുള്ളവരില്‍ നിന്ന് ഏറെ വ്യത്യസ്തമായി എടുത്ത് കാണിക്കുന്നതാണത്രേ സാജിദ് അലി എന്ന അധ്യാപകന്‍റെ വ്യക്തിത്വം.
അമ്പത്തിരണ്ടുകാരനായ സാജിദ് അലിക്ക് നൂര്‍ ആദ്യം തന്‍റെ പ്രണയം അറിയിച്ചപ്പോള്‍ അതിനെ അംഗീകരിക്കാൻ സാധിച്ചിരുന്നില്ല. സമൂഹത്തെ ഓര്‍ത്ത് തന്നെയായിരുന്നു ഇദ്ദേഹത്തിന്‍റെ ഭയാശങ്കകള്‍. എന്നാല്‍ പിന്നീട് സാജിദും നൂറുമായി പ്രണയത്തിലാവുകയായിരുന്നു. ശേഷം ഇരുവരും ബന്ധുക്കളുടെയും മറ്റും എതിര്‍പ്പുകളെല്ലാം മറികടന്ന് വിവാഹിതരാകാൻ തന്നെ തീരുമാനിക്കുകയായിരുന്നു.
നൂര്‍ ബികോം പഠിച്ചിരുന്ന കോളേജിലെ അധ്യാപകനായിരുന്നു സാജിദ്. പഠനം തുടരുന്നതിനിടെയാണ് ഇരുവരും പ്രണയത്തിലാകുന്നത്. പിന്നീട് നൂറിന് പഠനം തുടരാനായില്ല. അതുകൊണ്ട് തന്നെ ബിരുദം പൂര്‍ത്തിയാക്കാനും സാധിച്ചില്ല. എങ്കിലും ഇപ്പോള്‍ വിവാഹശേഷം ഇരുവരും ജോലി ചെയ്ത് നന്നായി സമ്പാദിക്കുന്നുണ്ട്. പലരും ഇപ്പോഴും ഇവരുടെ ബന്ധം അംഗീകരിച്ചിട്ടില്ല. എന്നാല്‍ പരസ്പരമുള്ള തങ്ങളുടെ പ്രണയവും കരുതലും മാത്രം മതി, തങ്ങള്‍ക്ക് മുന്നോട്ട് പോകാൻ എന്നതാണ് ഇവരുടെ മനോഭാവം.