രജനീകാന്തിനെ നേരിൽ കണ്ട് കാൽ തൊട്ട് വന്ദിച്ച് റിഷഭ് ഷെട്ടി;

0
100

ഋഷഭ് ഷെട്ടി (Rishab Shetty) രചനയും സംവിധാനവും നിർവഹിച്ച കന്നട ചിത്രം ‘കാന്താര’യെ (Kantara) പ്രശംസിച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനീകാന്ത് അടുത്തിടെ രംഗത്തെത്തിയിരുന്നു. എന്നാൽ അഭിനന്ദനത്തിന് നന്ദി അറിയിച്ചു കൊണ്ട് ഋഷഭ് രജനികാന്തിനെ (Rajinikanth) നേരിൽ കാണാനെത്തിയതാണ് പുതിയ വാർത്ത. ചിത്രം വിവിധ ഭാഷകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.ഇന്‍സ്റ്റഗ്രാമിലൂടെയാണ് സൂപ്പര്‍സ്റ്റാറിനൊപ്പമുള്ള ഫോട്ടോകള്‍ താരം പങ്കുവെച്ചത്. രജനികാന്തിന്റെ അനുഗ്രഹം വാങ്ങുന്നതിന്റെയും ഇരുവരും ഒരുമിച്ച് നിന്ന് സംസാരിക്കുന്നതിന്റെയും ഫോട്ടോകളാണ് താരം പങ്കുവെച്ചിരിക്കുന്നത്.

സിനിമ നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായങ്ങളാണ് കാന്താരയ്ക്ക് ലഭിക്കുന്നത്. സിനിമ മേഖലയിലെ നിരവധി പേർ കാന്താരയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് രജനികാന്ത് ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചത്. ഋഷഭ് ഷെട്ടിയെയും ചിത്രത്തിലെ മുഴുവന്‍ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും അദ്ദേഹം പ്രശംസിക്കുകയും ചെയ്തിരുന്നു.

കാന്താര’ കണ്ട് തനിക്ക് രോമാഞ്ചമുണ്ടായിയെന്നാണ് രജനികാന്ത് ട്വിറ്ററില്‍ കുറിച്ചത്. ഷെട്ടിയുടെ അഭിനയം, എഴുത്ത്, സംവിധാനം എന്നിവയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തിരുന്നു. കൂടാതെ ഇന്ത്യൻ സിനിമയിലെ മാസ്റ്റർപീസ് എന്നും രജനി ചിത്രത്തെക്കുറിച്ച് പറഞ്ഞിരുന്നു.

“കാന്താര കണ്ട് എനിക്ക് രോമാഞ്ചം വന്നു. തിരക്കഥാകൃത്ത്, സംവിധായകന്‍, അഭിനേതാവ് എന്ന നിലയില്‍ ഋഷഭ് ഷെട്ടിക്ക് ആശംസകള്‍. ഇന്ത്യന്‍ സിനിമയില്‍ ഇങ്ങനെയൊരു മാസ്റ്റര്‍ പീസ് തന്നതിന് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കും മറ്റ് അഭിനേതാക്കള്‍ക്കും അഭിനന്ദനങ്ങള്‍” എന്നാണ് രജനികാന്ത് ട്വിറ്ററില്‍ കുറിച്ചത്.

തുടർന്ന് സൂപ്പര്‍ സ്റ്റാറിന് മറുപടിയുമായി ഋഷഭ് രംഗത്തെത്തിയിരുന്നു.

”നിങ്ങളാണ് ഇന്ത്യയിലെ ഏറ്റവും വലിയ സൂപ്പര്‍ സ്റ്റാര്‍, കുട്ടിക്കാലം മുതല്‍ ഞാന്‍ നിങ്ങളുടെ ആരാധകനാണ്. നിങ്ങളുടെ അഭിനന്ദനം എന്റെ സ്വപ്ന സാക്ഷാത്കാരമാണ്. കൂടുതല്‍ ഗ്രാമീണ കഥകള്‍ ചെയ്യാന്‍ നിങ്ങളാണ് എനിക്ക് പ്രചോദനം. നന്ദി സര്‍”- എന്നാണ് ഋഷഭ് ട്വിറ്ററില്‍ കുറിച്ചത്.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പശ്ചാത്തലത്തില്‍, കര്‍ണാടകയിലെ നാട്ടുകാരും വനം വകുപ്പും തമ്മിലുള്ള ഭൂമിക്കു വേണ്ടിയുള്ള പോരാട്ടമാണ് കാന്താരയിൽ പറയുന്നത്. ഋഷഭ് ഷെട്ടിക്ക് പുറമെ അച്യുത് കുമാര്‍, കിഷോര്‍, സപ്തമി ഗൗഡ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here