മലപ്പുറം: ശ്രീറാം വെങ്കിട്ടരാമനെതിരെ കൊലക്കുറ്റം ഒഴിവാക്കിയ കോടതി വിധിക്ക് ഇടയാക്കിയത് അന്വേഷണത്തിലെ പാളിച്ചയെന്ന് കെ.എം.ബഷീറിന്റെ കുടുംബം. ബഷീറിനെ വാഹനമിടിച്ച് കൊല്ലപ്പെടുത്തിയ കേസിൽ അന്വേഷണം അട്ടിമറിക്കപ്പെട്ടെന്ന് സഹോദരൻ അബ്ദുറഹ്മാൻ ആരോപിച്ചു. കുറ്റപത്രത്തിൽ പാളിച്ചകളുണ്ട്. കേസ് സർക്കാർ വേണ്ട വിധത്തിൽ പരിഗണിച്ചില്ല എന്നും പുനരന്വേഷണം വേണം എന്നും കുടുംബം ആവശ്യപ്പെട്ടു. കോടതി വിധി പ്രതീക്ഷിച്ചതല്ല. അപ്പീൽ പോകുന്നതിനെ ക്കുറിച്ച് ആലോചിക്കുന്നുവെന്നും ബഷീറിന്റെ സഹോദരൻ അബ്ദുറഹ്മാൻ വ്യക്തമാക്കി. എത്രയും പെട്ടന്ന് ബഷീറിന്റെ ഫോൺ കണ്ടെത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പൊലീസും സർക്കാരും ശ്രീറാം വെങ്കിട്ടരാമനെ സംരക്ഷിക്കാൻ ശ്രമിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. സർക്കാർ സംരക്ഷണമൊരുക്കിയതിന്റെ പരിണത ഫലമാണ് കോടതിയിൽ നേരിട്ടത്. ബഷീറിന്റേത് കൊലപാതകമാണ് എന്നാണ് താൻ പറയുക എന്നും സതീശൻ പറഞ്ഞു. ഇതിനിടെ, ബഷീറിനെതിരായ കൊലക്കുറ്റം ഒഴിവാക്കിയ നടപടിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചു.