കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍സി നിയമനത്തിന്‍റെ മറവില്‍ കോടികളുടെ ധൂര്‍ത്ത്. കെ.പി.എം.ജി കമ്പനിയുമായി കരാര്‍ ഒപ്പിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും പുതിയ പദ്ധതികളൊന്നും നടപ്പിലായില്ല. എന്നാല്‍ 74 ലക്ഷം രൂപയാണ് കിയാലില്‍ നിന്ന് ഇതിനകം കെ.പി.എം.ജിക്ക് കൈമാറിയത്. മൂന്ന് വര്‍ഷത്തേക്ക് പതിനാല് കോടി രൂപക്കായിരുന്നു കരാര്‍.
2019 ജൂലൈ 9നാണ് കെ.പി.എം.ജി അഡ്വൈസറി പ്രൈവറ്റ് ലിമിറ്റഡിനെ കണ്ണൂര്‍ ഇന്‍റര്‍ നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് അവരുടെ കണ്‍സള്‍ട്ടന്‍സിയായി നിയമിച്ചത്. വ്യോമയാന-വ്യോമയാനേതര വരുമാനം വഴി ലാഭം വര്‍ധിപ്പിക്കുന്നതിനുളള ഉപദേശങ്ങള്‍ നല്‍കുകയും നിക്ഷേപകരെ എത്തിച്ച് പദ്ധതി നടപ്പിലാക്കുകയുമായിരുന്നു ലക്ഷ്യം. മൂന്ന് വര്‍ഷത്തേക്ക് 13,89,73,853 രൂപക്കാണ് ഈ കരാര്‍ ഒപ്പിട്ടത്. കരാര്‍ നല്‍കി വര്‍ഷം ഒന്ന് കഴിഞ്ഞിട്ടും കെ.പി.എം.ജി വഴി ഒരു പദ്ധതിയും വിമാനത്താവളത്തില്‍ എത്തിയില്ല. അതേസമയം പ്രൊജക്ട് ഫീസെന്ന പേരില്‍ 74 ലക്ഷം രൂപ കഴിഞ്ഞ മാസം ഇവര്‍ കൈപ്പറ്റുകയും ചെയ്തു. ഒപ്പം രണ്ട് കോടിരൂപയുടെ ഒരു പുതിയ ബില്ലും കെ.പി.എം.ജി കിയാലിന് നല്‍കിയിട്ടുണ്ട്.