ബംഗളൂരു: പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന കോൺഗ്രസ് അധ്യക്ഷന് സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാനും പ്രവർത്തിക്കാനും പാർട്ടിയെ മുന്നോട്ട് നയിക്കാനുമുള്ള അവസരമുണ്ടായിരിക്കുമെന്ന് രാഹുൽ ഗാന്ധി. കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന രണ്ട് സ്ഥാനാർത്ഥികൾക്കും അവരുടേതായ കാഴ്ചപ്പാടുകളുണ്ട്. അവരിലാരെയെങ്കിലും റിമോട്ട് കൺട്രോൾ എന്ന് വിളിക്കുന്നത് ഇരുവരെയും അപമാനിക്കലാണ് എന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ബംഗളൂരുവിൽ മാധ്യമപ്രവർത്തകരോട് സംവദിക്കുകയായിരുന്നു രാഹുൽ.
22 വർഷത്തിനു ശേഷമാണ് കോൺഗ്രസ് അധ്യക്ഷ പദത്തിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബർ 17നാണ് തെരഞ്ഞെടുപ്പ്. മല്ലികാർജുൻ ഖാർഗെയും ശശി തരൂരുമാണ് സ്ഥാനാർത്ഥികൾ. ഒക്ടോബർ 19നാണ് വോട്ടെണ്ണൽ. ഞങ്ങളുടേത് ഒരു ഫാസിസ്റ്റ് പാർട്ടിയൊന്നുമല്ല. അഭിപ്രായപ്രകടനങ്ങളിലും ചർച്ചകളിലും വിശ്വസിക്കുന്നവരാണ് ഞങ്ങൾ. തെരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ഒരു ടീമായി പ്രവർത്തിക്കണണെന്ന് ഞങ്ങൾക്കറിയാം. രാഹുൽ ഗാന്ധി പറഞ്ഞു.