‘നേരിയ മയക്കത്തിലായിരുന്നു. പെട്ടെന്ന് ഒരു കുലുക്കവും ശബ്ദവും കേട്ടാണ് ഞെട്ടിയുണർന്നത്. നോക്കിയപ്പോൾ ബസിന്റെ ഒരു ഭാഗം തന്നെ ഇല്ലായിരുന്നു’- വടക്കഞ്ചേരിയിലെ ബസ് അപകടത്തിൽ സാരമായി പരിക്കേറ്റ മനോമിത്രൻ ആ നിമിഷങ്ങളെക്കുറിച്ച് വിവരിച്ചത് ഇങ്ങനെയായിരുന്നു. വടക്കഞ്ചേരിയിൽ അപകടത്തിൽപ്പെട്ട കെ.എസ്.ആർ.ടി.സി. സൂപ്പർ ഫാസ്റ്റ് ബസിലെ യാത്രക്കാരനായിരുന്നു അടൂർ സ്വദേശിയായ മനോമിത്രൻ. തമിഴ്നാട്ടിലെ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായ അദ്ദേഹം ജോലിസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നു. ട്രെയിനിന് ടിക്കറ്റ് കിട്ടാതിരുന്നതോടെയാണ് യാത്ര ബസിലാക്കിയത്.
‘രാത്രി 11.30-ഓടെയായിരുന്നു സംഭവം. അതിന് ഏതാനും മിനിറ്റുകൾക്ക് മുമ്പ് ഞാൻ ഫോണിൽ സംസാരിച്ചിരുന്നു. പിന്നെ ചെറിയ ഉറക്കത്തിലായി. പെട്ടെന്ന് ഒരു കുലുക്കവും വലിയ ശബ്ദവും കേട്ടാണ് ഉണർന്നത്. നോക്കിയപ്പോൾ ബസിന്റെ ഒരു ഭാഗം തന്നെ ഇല്ലായിരുന്നു. എന്റെ തൊട്ടപ്പുറത്ത് ഇരുന്നയാൾ അപ്പോൾ തന്നെ മരിച്ചിരുന്നു. ഫോണെല്ലാം തെറിച്ചുപോയി. പിന്നിൽനിന്ന് മറ്റ് യാത്രക്കാരെല്ലാം കരച്ചിലായിരുന്നു. ഒറ്റയ്ക്ക് തന്നെ പുറത്തിറങ്ങി. ആ സമയം കൈകളെല്ലാം അറ്റുപോയ നിലയിൽ റോഡിലും രണ്ടുപേർ കിടപ്പുണ്ടായിരുന്നു’.
‘ഇറങ്ങിനോക്കിയപ്പോൾ ടൂറിസ്റ്റ് ബസ് ആദ്യം കണ്ടില്ല. കെഎസ്ആർടിസി ബസ് റോഡിന്റെ മധ്യഭാഗത്തുനിന്ന് മാറി ഇടത്തോട്ട് ചെരിഞ്ഞാണ് നിന്നിരുന്നത്. ടൂറിസ്റ്റ് ബസ് കുറച്ചപ്പുറത്തായി മറിഞ്ഞ് കിടക്കുകയായിരുന്നു. ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി.യിൽ ഇടിച്ചിട്ട് രണ്ടുവട്ടം കറങ്ങിയാണ് വീണതെന്ന് ചിലർ പറഞ്ഞു. ബസിന്റെ വലതുഭാഗത്ത് മധ്യത്തിലായുള്ള സീറ്റിലാണ് ഞാൻ ഇരുന്നത്. എന്റെ തൊട്ടപ്പുറത്ത് ഇരുന്നയാളാണ് മരിച്ചത്. അദ്ദേഹം സീറ്റിനടിയിൽ കുടുങ്ങികിടക്കുകയായിരുന്നു. അപകടം സംഭവിച്ച് ഏതാനും നിമിഷങ്ങൾക്കകം ആളുകളെല്ലാം ഓടിയെത്തിയിരുന്നു. പരിക്കേറ്റവരിൽ ആദ്യം കുറച്ചുപേരെ പിക്കപ്പ് വാനിലാണ് കൊണ്ടുപോയത്. വേറെ വണ്ടിയൊന്നും കിട്ടിയിരുന്നില്ല. പുറത്തിറങ്ങിയപ്പോളാണ് എന്റെ തലയിൽനിന്ന് ചോരയൊലിക്കുന്നത് കണ്ടത്. ഒരു ബൈക്കുകാരനാണ് എന്നെ ആശുപത്രിയിൽ കൊണ്ടുപോയത്’.
അപകടത്തിൽ മനോമിത്രന്റെ തലയിലും രണ്ട് കാലുകളിലും സാരമായ പരിക്കേറ്റിട്ടുണ്ട്. പാലക്കാട് അവിറ്റെസ് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഇദ്ദേഹം ആശുപത്രി വിട്ടു.
ബുധനാഴ്ച രാത്രി 11.30-ഓടെയാണ് വടക്കാഞ്ചേരിക്ക് സമീപം ദേശീയപാതയിൽ ബസ് അപകടമുണ്ടായത്. അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് കെ.എസ്.ആർ.ടി.സി. ബസിലിടിച്ച ശേഷം സമീപത്തെ ചതുപ്പിലേക്ക് മറിയുകയായിരുന്നു. അപകടത്തിൽ ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന അഞ്ച് വിദ്യാർഥികളടക്കം ഒമ്പതുപേർ മരിച്ചു. മരിച്ചവരിൽ മൂന്നുപേർ കെ.എസ്.ആർ.ടി.സി. ബസിലെ യാത്രക്കാരാണ്.