കൊച്ചി• വടക്കഞ്ചേരിയിൽ അപകടത്തിൽ പെട്ട ടൂറിസ്റ്റ് ബസ് സർവീസ് നടത്തിയതു സ്കൂൾ, കോളജ് വിനോദയാത്ര സംബന്ധിച്ചു ഗതാഗതവകുപ്പു പുറത്തിറക്കിയ ചട്ടങ്ങളും നിയമങ്ങളും ലംഘിച്ച്. വിദ്യാർഥികളുമായുള്ള വിനോദയാത്രയ്ക്കു സ്കൂൾ അധികൃതർ ബസ് വിളിച്ചത് ഉന്നതതല ഉത്തരവു പാലിക്കാതെയെന്നും ആക്ഷേപമുയർന്നു.
ഗതാഗത വകുപ്പു കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ ഈ ബസിനെതിരെ അഞ്ചോളം കേസ് നേരത്തെ എടുത്തതായി ആർടിഒ വൃത്തങ്ങൾ മനോരമ ഓൺലൈനോടു വെളിപ്പെടുത്തി. നടപടികൾ ഉണ്ടായിട്ടും ഉത്തരവുകൾ പാലിക്കാതെ കാതടപ്പിക്കുന്ന ഹോണും ആഡംബര ലൈറ്റുകളും ഉപയോഗിച്ചിരുന്നു എന്നത് വിനോദയാത്ര തുടങ്ങുംമുൻപ് പകർത്തിയ ചില വിഡിയോകളിൽ വ്യക്തമാണ്. ബസ് ഓടുന്ന സമയം സ്പീഡ് ഗവർണർ വേർപെടുത്തി ഇട്ടിരുന്നതായാണ് വ്യക്തമാകുന്നതെന്നും ആർടിഒ ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. ബസ് കോട്ടയം സ്വദേശിയുടേതാണ്.
സ്കൂൾ കോളജ് വിദ്യാർഥികളുടെ വിനോദ, പഠന യാത്രകളിൽ അനധികൃതമായി രൂപമാറ്റം വരുത്തിയതും ആഡംബര ലൈറ്റുകളും ഹോണുകളും ഘടിപ്പിച്ചതുമായ വാഹനങ്ങൾ ഉപയോഗിക്കരുത് എന്ന ഗതാഗത കമ്മിഷണറേറ്റിന്റെയും കോളജ് വിദ്യാഭ്യാസ വകുപ്പിന്റെയും ഉത്തരവുകൾ പാലിച്ചിട്ടില്ല എന്നതും വ്യക്തമാണ്. ഈ വർഷം ജൂലൈ 7 നാണ് ഗതാഗത കമ്മിഷണർ ഇത് സംബന്ധിച്ച് വിവിധ വിദ്യാഭ്യാസ ഡയറക്ടർമാർക്ക് നിർദ്ദേശം നൽകിയത്.
ഇത്തരത്തിലുള്ള വാഹനങ്ങൾ അപകടത്തിൽപെടുന്നതായും ആർടിഒമാർ പിടിച്ചെടുക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കുന്നതായും ഇതുസംബന്ധിച്ച ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. വിദ്യാർഥികളുമായി വിനോദയാത്രയ്ക്കു പോകുന്ന വാഹനങ്ങൾ റീജനൽ ട്രാൻസ്പോർട് ഓഫിസുകളിൽ കാണിച്ച് ഫിറ്റ്നസ് ഉറപ്പു വരുത്തണമെന്നും നിർദേശമുണ്ടായിരുന്നു.
ടൂറിസ്റ്റ് ബസുകളെ ഡാൻസിങ് ഫ്ലോർ ആക്കരുതെന്നും അനാവശ്യ ലൈറ്റുകളും സൗണ്ട് സിസ്റ്റവും പാടില്ലെന്നുമുള്ള ഹൈക്കോടതി ഉത്തരവിറങ്ങി നാലു മാസം പിന്നിട്ടിട്ടും ഇപ്പോഴും ഉത്തരവു ലംഘിച്ചു ബസുകൾ സർവീസ് നടത്തുന്നുണ്ടെന്നതിനു തെളിവാണ് അപകടത്തിൽ പെട് ലൂമിനോസ് എന്ന ടൂറിസ്റ്റ് ബസ്. ഇവരുടെ നിരവധി ബസുകൾ നിലവിൽ നിരത്തിലൂടെ സർവീസ് നടത്തുന്നുണ്ട്.
വിദ്യാർഥികൾ വിനോദയാത്രയ്ക്കു പുറപ്പെടുന്ന സമയത്തു പകർത്തിയ ദൃശ്യങ്ങളിൽ നിന്നു ബസിന്റെ നിയമ ലംഘനത്തിന്റെ ആഴം വ്യക്തമാണ്. വിദ്യാർഥികളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ആഡംബര ലൈറ്റുകളും ഉയർന്ന ശബ്ദത്തിലുള്ള പാട്ടും വച്ച് നിരോധിത ഹോൺ മുഴക്കിയാണ് ബസ് ഓട്ടം ആരംഭിക്കുന്നത്. ഇതിന്റെ ദൃശ്യങ്ങൾ മാതാപിതാക്കൾ പകർത്തിയതാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.