ദേശീയ ഗെയിംസിൽ കേരളത്തിന് രണ്ട് സ്വർണം

0
108

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളത്തിന് മികച്ച തുടക്കം. ഔദ്യോഗിക കൊടിയേറ്റത്തിനുശേഷം രണ്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവുമായാണ് കേരളം മെഡൽ വേട്ട ആരംഭിച്ചത്. റോളർ സ്കേറ്റിങ്ങിലാണ് കേരളത്തിന് രണ്ട് സ്വർണം. രണ്ടും വിദ്യാർഥികളുടെ വക. ലോക ജൂനിയർ ചാമ്പ്യനായ അഭിജിത്ത് രാജനും ദേശീയ ചാമ്പ്യൻ വിദ്യ ദാസുമാണ് സ്വർണം നേടിയത്. ആർട്ടിസ്റ്റിക് സിംഗിൾ ഫ്രീ സ്കേറ്റിങ്ങിൽ 146.9 പോയിന്റോടെയാണ് ആലുവ എംഇ.എസ്. കോളജിലെ മൂന്നാം വർഷ ബി കോം വിദ്യാർഥിയായ അഭിജിത്ത് സ്വർണം നേടിയത്. സ്കേറ്റ് ബോർഡിങ് പാർക്കിലാണ് തിരുവനന്തപുരം വെങ്ങാനൂർ ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയായ വിദ്യ സ്വർണം നേടിയത്. സ്കേറ്റ് ബോർഡിറ്റ് പാർക്കിൽ കേരളത്തിന് ഒരു വെങ്കലം കൂടി ലഭിച്ചു. വിനീഷിന്റെ വക.

അത്ലറ്റിക്സിൽ നിന്നാണ് വെള്ളി മെഡൽ. പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പിൽ അരുൺ എ.ബിയാണ് വെള്ളി മെഡൽ നേടിയത്. സർവീസസ് ടീമിൽ ഇടം നേടാനാവാതെ അവസാന നിമിഷം കേരളത്തിന്റെ കുപ്പായമണിഞ്ഞ അരുൺ 16.08 മീറ്ററാണ് ചാടി വെള്ളി നേടിയത്. ഈയിനത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത അഖിൽ കുമാറിന് നാലാം ചാട്ടത്തിനിടെ പരിക്കേറ്റത് കേരളത്തിന് തിരിച്ചടിയായി.

ഫെൻസിങ്ങിൽ നിന്നാണ് കേരളത്തിന് ആദ്യ മെഡൽ ലഭിച്ചത്. വനിതകളുടെ വ്യക്തിഗത സാബ്രെയിൽ ജോസ്ന ക്രിസ്റ്റി ജോസാണ് വെങ്കലം നേടിയത്. സെമിഫൈനലിൽ ഫെൻസിങ്ങിലെ ഇന്ത്യയുടെ ആദ്യ ഒളിമ്പ്യനായ ഭവാനി ദേവിയോടാണ് ജോസ്ന തോറ്റത്. സ്കോർ: 5-15.

LEAVE A REPLY

Please enter your comment!
Please enter your name here