ടാസ്മാനിയയിൽ 230 തിമിംഗലങ്ങളെ തീരത്തടിഞ്ഞ നിലയിൽ കണ്ടെത്തി. ഓസ്ട്രേലിയയയുടെ കിഴക്കൻ തീരത്ത് 14 എണ്ണത്തിമിംഗലങ്ങളെ ചത്ത നിലയിൽ കണ്ട് ദിവസങ്ങൾക്ക് ശേഷമാണ് ഈ സംഭവം. മക്വാരി ഹാർബറിലെ ഓഷ്യൻ ബീച്ചിൽ കുടുങ്ങിയ ഇവ പോഡ് പൈലറ്റ് തിമിംഗലങ്ങളാണ്. കുറഞ്ഞത്, അതിൽ പകുതിയോളം ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് കരുതുന്നതായും ടാസ്മാനിയയിലെ പ്രകൃതിവിഭവ, പരിസ്ഥിതി വകുപ്പ് ബുധനാഴ്ച പറഞ്ഞു.
ജീവനുള്ളവയെ സംരക്ഷിക്കുന്നതിനായി രക്ഷാപ്രവർത്തനം നടത്തുന്നതിന് മറൈൻ കൺസർവേഷന്റെ ഒരു സംഘം മേഖലയിലെത്തി. 32 എണ്ണത്തിനെ മാത്രമാണ് അവർക്ക് രക്ഷിച്ചെടുക്കാൻ കഴിഞ്ഞത്. ആദ്യമായിട്ടല്ല ഓസ്ട്രേലിയൻ തീരത്ത് ഇങ്ങനെ തിമിംഗലങ്ങൾ അടിയുന്നത്. രണ്ട് വർഷം മുമ്പ് 2020 സപ്തംബർ 21 -ന് 470 ഓളം പൈലറ്റ് തിമിംഗലങ്ങളാണ് തീരത്തടിഞ്ഞത്. അന്ന് രണ്ടാഴ്ച കാലമാണ് രക്ഷാപ്രവർത്തനം നീണ്ടുനിന്നത്. 111 തിമിംഗലങ്ങളെ രക്ഷിച്ചെടുക്കാൻ അന്ന് രക്ഷാപ്രവർത്തകർക്ക് സാധിച്ചു.
നേരത്തെയും ഇതുപോലെ ഉള്ള സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പാരിസ്ഥിതികമായ കാരണങ്ങൾ കൊണ്ടാകാം ഇങ്ങനെ സംഭവിച്ചത് എന്നാണ് വിദഗ്ദ്ധർ വിലയിരുത്തുന്നത്. ഈ തുറമുഖത്തേക്കുള്ള പ്രവേശന കവാടം ‘നരകത്തിന്റെ വാതിൽ’ എന്ന് അറിയപ്പെടുന്ന ഒരു കുപ്രസിദ്ധമായ സ്ഥലമാണ്. ഈ സ്ഥലം ആഴം കുറഞ്ഞതും അപകടകരവുമാണ് എന്ന് പറയുന്നു. പ്രദേശത്തെ സാൽമൺ കർഷകനായ ലിന്റൺ ക്രിംഗിൾ 2020 -ലെ രക്ഷാപ്രവർത്തനത്തിൽ പങ്കാളിയായിരുന്നു. ഇത്തവണത്തെ രക്ഷാപ്രവർത്തനം കൂടുതൽ ബുദ്ധിമുട്ട് നിറഞ്ഞതാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
കഴിഞ്ഞ ദിവസമാണ് മെൽബണിനും ടാസ്മാനിയയുടെ വടക്കൻ തീരത്തിനും ഇടയിലുള്ള ബാസ് കടലിടുക്കിലെ ടാസ്മാനിയ സംസ്ഥാനത്തിന്റെ ഭാഗമായ കിംഗ് ഐലൻഡിൽ 14 എണ്ണത്തിമിംഗലങ്ങളെ ചത്ത നിലയിൽ കണ്ടെത്തിയത്. എണ്ണത്തിമിംഗലങ്ങളെ അങ്ങനെ അധികം കാണാത്ത ഒരിടത്താണ് അവയെ ചത്ത നിലയിൽ കണ്ടെത്തിയത് എന്നത് ആശങ്ക ഉണ്ടാക്കിയിരുന്നു.