‘നേതൃതാല്പര്യങ്ങൾക്ക് ബലിയാടാവുന്ന യുവതലമുറ’: ചിത്രം കൊത്തിന് കെകെ രമയുടെ ‘റിവ്യൂ’

0
58

കൊഴിക്കോട്: ആസിഫ് അലി, റോഷന്‍, നിഖില വിമല്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്ത പുതിയ രാഷ്ട്രീയ സിനിമയാണ് കൊത്ത്. തിയേറ്ററില്‍ സമ്മിശ്ര പ്രതികരണം നേടി മുന്നോട്ട് പോവുന്ന ചിത്രം മുന്നോട്ട് വെക്കുന്ന പ്രമേയത്തെ പിന്തുണച്ചുകൊണ്ട് ഇപ്പോഴിതാ വടകര എം എല്‍ എയും ആർ എംപി നേതാവുമായ കെ കെ രമ.

രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണ്പൊത്തിക്കളികളിൽ രാഷ്ട്രീയകേരളത്തെ ഒരു വീണ്ടു വിചാരത്തിന് പ്രേരിപ്പിക്കാൻ ഈ സിനിമയ്ക്ക് കഴിയട്ടെയെന്ന് പറയുന്ന കെകെ രമ സങ്കുചിത സ്വാർത്ഥതാല്പര്യങ്ങൾ മുൻ നിർത്തി കേരളത്തിലരങ്ങേറുന്ന അക്രമ സംഭവങ്ങളെയും കൊലവാൾ രാഷ്ട്രീയത്തെയും അവയോട് സമീകരിച്ച് ആദർശവൽക്കരിക്കാനോ സാധൂകരിക്കാനോ സാധിക്കില്ലെന്നും ചിത്രത്തെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് ഫേസ്ബുക്കില്‍ കുറിക്കുന്നു.

കണ്ണൂരിലെ ഒരു സാങ്കല്പിക ഗ്രാമജീവിത പശ്ചാത്തലത്തിൽ ഈ പ്രശ്നം അഭിസംബോധന ചെയ്യുന്ന സിനിമയാണ് സിബി മലയിൽ സംവിധാനം ചെയ്ത ‘കൊത്ത്’. ഈ രാഷ്ട്രീയ പ്രമേയത്തോടൊപ്പം ഹൃദ്യമായ മനുഷ്യ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു മികച്ച സിനിമാനുഭവം കൂടിയാണിത്. പൊതുപ്രവർത്തനാനുഭവമുള്ള മനുഷ്യർക്ക് താദാത്മ്യം പ്രാപിക്കാവുന്ന നിരവധി മുഹൂർത്തങ്ങൾ ഈ സിനിമയിലുണ്ട്.

സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ, പ്രത്യേകിച്ച് ശ്രീലക്ഷ്മിയുടെ അമ്മ വേഷം എടുത്തു പറയേണ്ടതാണ്. സ്വന്തം മകന് നേരിടേണ്ടി വന്ന ദുരിതാനുഭവങ്ങളിൽ ആ അമ്മ അനുഭവിക്കുന്ന ആത്മ സംഘർഷങ്ങളും സങ്കടങ്ങളും അധികം സംഭാഷണങ്ങൾ പോലുമില്ലാതെ സ്ക്രീനിലെ തന്റെ സാന്നിദ്ധ്യം കൊണ്ട് അനുഭവിപ്പിക്കുന്നുണ്ട് ശ്രീലക്ഷ്മി. രാഷ്ട്രീയ നേതൃത്വങ്ങളുടെ കണ്ണ്പൊത്തിക്കളികളിൽ രാഷ്ട്രീയകേരളത്തെ ഒരു വീണ്ടുവിചാരത്തിന് പ്രേരിപ്പിക്കാൻ ഈ സിനിമയ്ക്ക് കഴിയട്ടെ. സിനിമയുടെ ഭാഗമായ എല്ലാ കലാകാരന്മാർക്കും പിന്നണി പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here