തിരുവനന്തപുരം: ഡോക്ടർമാർക്കും രോഗികൾക്കും കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ കടുത്ത നിയന്ത്രണം. ഒരു ദിവസം ഒരു ഒപിയിൽ 50 പേർക്ക് മാത്രമേ പരിശോധന അനുവദിക്കൂ.
ആരോഗ്യ പ്രവർത്തകരും രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെ എൺപതിലേറെ പേർക്കാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗ ബാധ സ്ഥിരീകരിച്ചത്. തുടർന്ന് 17, 19 വാർഡുകൾ അടച്ചു. മെഡിക്കൽ കോളജ് ഓഫീസിൽ വരുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തി. ഒരു ഒപിയിൽ 50 രോഗികളെ മാത്രം പരിശോധിച്ചാൽ മതിയെന്ന് മെഡിക്കൽ കോളജ് തീരുമാനമെടുത്തു. അധികമായി വരുന്ന രോഗികൾക്ക് ഫോൺ മുഖേന ഡോക്ടറുമായി ബന്ധപ്പെടാം. ഓഫീസ് സമയം ഒരു മണിയില്‍ നിന്നും 12 മണിയായി ചുരുക്കിയിട്ടുണ്ട്.