ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് പ്രതിപക്ഷത്ത് അനിശ്ചിതത്വം തുടരുന്നു. ശരദ് പവാർ പിന്മാറിയതിന് പിന്നാലെ നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുല്ലയും രാഷ്ട്രപതി സ്ഥാനാർഥിയാകാനില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തി.
രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്നും ജമ്മു കശ്മീരിന്റെ നിലവിലെ സാഹചര്യത്തിൽ തന്റെ പ്രവർത്തനം അവിടെ ആവശ്യമാണെന്നുമാണ് നാഷണൽ കോൺഫറൻസ് നേതാവായ ഫാറൂഖ് അബ്ദുല്ല പറയുന്നത്. ട്വിറ്ററിൽ പങ്കുവെച്ച പ്രസ്താവനയിൽ കൂടിയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.
രാഷ്ട്രപതി സ്ഥാനാർഥിയായി തന്റെ പേര് പരിഗണിച്ചതിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയോട് നന്ദിയുണ്ടെന്നും അബ്ദുല്ല പ്രസ്താവനയിൽ വ്യക്തമാക്കി. എന്നാൽ ഇതോടെ പ്രതിപക്ഷ നിരയിലെ രാഷ്ട്രപതി സ്ഥാനാർഥി നിർണയം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.