സലൂണിൽ ഷേവ് ചെയ്യാനെത്തിയ ആളെ ജീവനക്കാരൻ കഴുത്തറുത്ത് കൊന്നു. ഷേവ് ചെയ്തത് പൂർണമായില്ലെന്നു പറഞ്ഞു കൊണ്ടുള്ള വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചത്. മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് സംഭവം. സംഭവമറിഞ്ഞു തടിച്ചുകൂടിയ ജനക്കൂട്ടം സലൂൺ ഉടമയെ മർദിക്കുകയും ജീവനക്കാരനായ അനിൽ ഷിൻഡെയെ മാർക്കറ്റിന് നടുവിൽ വെച്ച് ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു.
നന്ദേഡ് ജില്ലയിലെ ബോധാദിയിലെ മാർക്കറ്റ് ഏരിയയിലാണ് സംഭവം നടന്നത്. മാരുതി ഷിൻഡെ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് സലൂൺ. ഇവിടെ ഷേവിങ്ങിനെത്തിയ യങ്കതി ദിയോകർ (22) എന്നയാളാണ് കൊല്ലപ്പെട്ടത്. ഷേവ് ചെയ്തതിനെച്ചൊല്ലി ജീവനക്കാരനും ഉപഭോക്താവും തമ്മിൽ ആദ്യം തർക്കമുണ്ടായി. ഇതിന് ശേഷം അനിൽ ഷിൻഡെ കൈയിലുണ്ടായിരുന്ന മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ദിയോകറിന്റെ കഴുത്ത് അറുത്തു. ദിയോകർ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
വാർത്ത പരന്നതോടെ ദിയോകറിന്റെ ബന്ധുക്കളും ജനക്കൂട്ടവും ചേർന്ന് സലൂണിനു ചുറ്റും തടിച്ചുകൂടി. ആളുകൾ സലൂൺ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തു. തുടർന്ന് സലൂൺ നടത്തിപ്പുകാരനായ അനിൽ ഷിൻഡെയെ പുറത്തേക്ക് കൊണ്ടുപോയി മാർക്കറ്റിന് നടുവിൽ വെച്ച് കൊലപ്പെടുത്തി.
രണ്ട് സംഭവങ്ങളും മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് നടന്നത്. ദിയോകറിന്റെ കൊലപാതകത്തിലും ആൾക്കൂട്ട കൊലപാതകത്തിലും നാടാകെ അമ്പരപ്പിലാണ്. കിൻവാട്ട് പോലീസ് ഉദ്യോഗസ്ഥർ കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.