തിരുവനന്തപുരം: പുതുതായി മന്ത്രിസഭയിലെത്തിയ എം.ബി. രാജേഷിനുള്ള വകുപ്പുകൾ മുഖ്യമന്ത്രി തീരുമാനിച്ച് ഗവർണറെ അറിയിക്കും. നേരത്തെ എം.വി. ഗോവിന്ദൻ കൈകാര്യം ചെയ്തിരുന്ന തദ്ദേശ, എക്സൈസ്, തൊഴിൽ വകുപ്പുകൾ തന്നെ എം.ബി. രാജേഷിനും നൽകിയേക്കുമെന്നാണ് സൂചന. അതേസമയം, എക്സൈസ് വകുപ്പ് വി.എൻ. വാസവന് നൽകി സാംസ്കാരിക, തൊഴിൽ വകുപ്പുകൾ രാജേഷിന് നൽകിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
എം.വി. ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതോടെയാണ് എം.ബി. രാജേഷ് രണ്ടാം പിണറായി സർക്കാരിൽ മന്ത്രിയാകുന്നത്. എന്നാൽ ഏതെല്ലാം വകുപ്പുകളാണ് രാജേഷിന് ലഭിക്കുകയെന്നത് സംബന്ധിച്ച് ഇതുവരെയും ഔദ്യോഗികമായ സ്ഥിരീകരണങ്ങൾ ലഭിച്ചിട്ടില്ല. വകുപ്പുകൾ സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയാകും ഗവർണറെ അറിയിക്കുക. തുടർന്ന് ഗവർണർ ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കും.
ചൊവ്വാഴ്ച രാവിലെ രാജ്ഭവനിൽ നടന്ന ചടങ്ങിലാണ് എം.ബി. രാജേഷ് മന്ത്രിയായി സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അദ്ദേഹത്തിന് സത്യവാചകം ചൊല്ലിനൽകി. മുഖ്യമന്ത്രി പിണറായി വിജയൻ, മറ്റു മന്ത്രിമാർ, സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.