എറണാകുളം: സംസ്‌കാര ചടങ്ങുകള്‍ക്ക് ശവപ്പെട്ടി ഒഴിവാക്കി മൃതദേഹം നേരിട്ട് മണ്ണില്‍ സംസ്‌കരിക്കുന്ന രീതി നടപ്പിലാക്കാനൊരുങ്ങി ലത്തീന്‍ സഭയുടെ കീഴിലുള്ള പള്ളി. കൊച്ചി രൂപതയിലെ അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളിയാണ് ഈ രീതിക്ക് തുടക്കം കുറിക്കുന്നത്. കേരളത്തില്‍ തന്നെ ആദ്യമായാണ് ഇത്തരത്തില്‍ സംസ്‌കാരം നടക്കുന്നത് എന്ന് അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളി അധികൃതര്‍ പറയുന്നു.
പ്ലാസ്റ്റിക്ക് ആവരണവും അഴുകാത്ത വസ്തുക്കളുമുള്ള ശവപ്പെട്ടിയില്‍ അടക്കുന്ന മൃതദേഹം വര്‍ഷങ്ങള്‍ കഴിഞ്ഞാലും മണ്ണോടു ചേരുന്നില്ല. ഇത് മനസിലാക്കിയാണ് പുതിയ രീതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പഴയ യഹൂദ രീതിയില്‍ കച്ചയില്‍ പൊതിഞ്ഞ് മൃതദേഹം സംസ്‌കരിക്കുന്ന രീതിയാണ് അര്‍ത്തുങ്കല്‍ സെയ്ന്റ് ജോര്‍ജ് പള്ളി നടപ്പിലാക്കുന്നത്.