ദില്ലി: ഒക്‌ടോബർ പകുതിയോടെ പുതിയ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോവുന്നതിനിടെ മറുപക്ഷത്ത് ബി ജെ പിയിലും ദേശീയ അധ്യക്ഷനായുള്ള ചർച്ചകള്‍ക്ക് തുടക്കമായി. നിലവിലെ അധ്യക്ഷനായ ജെപി നദ്ദയുടെ മൂന്ന് വർഷത്തെ കാലാവധി അടുത്ത ജനുവരിയിലാണ് അവസാനിക്കുന്നത്.
അധ്യക്ഷ സ്ഥാനത്ത് ഒരു ടേം കൂടി അദ്ദേഹത്തിന് അനുവദിച്ചില്ലെങ്കില്‍ ഭരണ കക്ഷിയുടെ അധ്യക്ഷ സ്ഥാനത്തും പുതിയ മുഖം കണ്ടേക്കും. നദ്ദയ്ക്ക് കാലാവധി നീട്ടി നൽകുന്നതിനെതിരെ പാർട്ടിയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നും പകരക്കാരനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ എത്തിയേക്കുമെന്നുള്ള അഭ്യൂഹങ്ങളും ശക്തമാണ്.
നദ്ദയ്ക്ക് ഒരു വർഷത്തെ കാലാവധി നീട്ടിനൽകിയില്ലെങ്കിൽ പ്രധാൻ അദ്ദേഹത്തിന്റെ പിൻഗാമിയാകുമെന്നാണ് മുതിർന്ന ബി ജെ പി നേതാവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സപ്രസ് റിപ്പോർട്ട് ചെയ്യുന്നു. സാധ്യത കല്‍പ്പിക്കുന്ന മറ്റൊരു പേര് ഭൂപേന്ദ്ര യാദവ് എന്നാണ്. “നദ്ദയുടെ നേതൃത്വത്തിൽ പല സംസ്ഥാനങ്ങളിലും ബിജെപിയുടെ പ്രകടനം മെച്ചപ്പെട്ടു. എന്നിരുന്നാലും അദ്ദേഹത്തിന് പൂർണമായി രണ്ടാം ടേം ലഭിച്ചേക്കില്ല”- ഒരു പാർട്ടി നേതാവ് പറഞ്ഞു.