ആലപ്പുഴ: ഹരിപ്പാട് വിവാഹസദ്യക്കിടയിൽ പപ്പടം കിട്ടാത്തതിനെ ചൊല്ലി കൂട്ടത്തല്ലില്‍ ഓഡിറ്റോറിയത്തില്‍ സംഭവിച്ചത് വലിയ നഷ്ടം. കസേരകൾ ഉപയോഗിച്ച് വരെ നടന്ന തല്ല് കല്യാണ ഓഡിറ്റോറിയത്തിന് പുറത്തേക്കും വ്യാപിച്ചു. ഓഡിറ്റോറിയത്തിൻ്റെ ഉടമ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്കേറ്റു.
ഹരിപ്പാട് മുട്ടത്തെ സ്വകാര്യ ഓഡിറ്റോറിയത്തിൽ ഞായറാഴ്ചയായിരുന്നു വിവാഹം. മുട്ടം സ്വദേശിയായ വധുവിൻ്റെയും തൃക്കുന്നപ്പുഴ സ്വദേശിയായ വരൻ്റെയും കല്ല്യാണമൊക്കെ മംഗളകരമായി നടന്നു. പക്ഷെ സദ്യ തുടങ്ങിയതോടെ രംഗം മാറി. ഭക്ഷണം വിളമ്പുന്നതിനിടയിൽ വരൻ്റെ സുഹൃത്തുക്കളിൽ ചിലർ രണ്ടാമത് പപ്പടം ആവശ്യപ്പെട്ടതാണ് തുടക്കം. പപ്പടം തരില്ലെന് പറഞ്ഞതോടെ തർക്കമായി. പിന്നെ അടിമാ യി. കസേരകൾ ഉപയോഗിച്ച് വരെ നടന്ന തല്ല് പുറത്തേയ്ക്കും വ്യാപിച്ചു
ഒടുവിൽ പൊലീസ് എത്തയതോടെയാണ് തല്ല് അവസാനിച്ചത്.അടിയുണ്ടാക്കിയ ചിലരെ സ്റ്റേഷനിലേക്കും കൊണ്ടു പോയി. സംഭവത്തിൽ ഓഡിറ്റോറിയ ഉടമ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റു. ഓഡിറ്റോറിയത്തിൻ്റെ ഉടമ മുരളീധരൻ, ജോഹൻ ,ഹരി എന്നിവർക്കാണ് പരിക്കേറ്റത്. ഓഡിറ്റോറിയത്തിലെ കസേരകളും മേശകളും തകർത്തെന്ന ഉടമയുടെ പരാതിയിൽ കരീലകുളങ്ങര പോലീസ് കേസെടുത്തു.
തല്ലുകിട്ടിയതിന് പുറമെയാണ് ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് ഓഡിറ്റോറിയം ഉടമ പറയുന്നത്. അതേ സമയം ട്രോളുകളും കമൻറുകളുംകൊണ്ട് വൈറലായ പപ്പടത്തല്ല് സോഷ്യൽ മീഡിയില്‍ എങ്ങും നിറയുകയാണ്.