പാലക്കാട്: പാലക്കാട് കൂറ്റനാട് അഞ്ച് വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. ചാലിപ്പുറം സ്വദേശിയായ പെൺകുട്ടിക്കാണ് നായയുടെ കടിയേറ്റത്. മുഖത്തും പുറത്തും കാലിലും പരിക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് വീടിന്റെ മുൻവശത്തു നിൽക്കുമ്പോഴാണ് കുട്ടിയെ തെരുവ് നായ ആക്രമിച്ചത്.
നായ്ക്കളിൽ നിന്നുള്ള കടിയേറ്റുള്ള മരണങ്ങള്‍ വിദഗ്ധ സമിതി അന്വേഷിക്കാന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉത്തരവിട്ടു. ഈ വര്‍ഷം നായ്ക്കളുടെ കടിയേറ്റ് ഉണ്ടായിട്ടുള്ള മരണങ്ങള്‍ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഉത്തരവിട്ടിരിക്കുന്നത്. പേവിഷബാധ സംബന്ധിച്ചുള്ള ആശങ്കകള്‍ അകറ്റുന്നതിന് ഓരോ മരണം സംബന്ധിച്ചും ശാസ്ത്രീയമായ അന്വേഷണം നടത്താനാണ് നിര്‍ദേശം നല്‍കിയത്. വിദഗ്ധ സമിതി ഇതുസംബന്ധിച്ച് അന്വേഷിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം.