തെലുങ്ക് യുവനായകന്മാരില്‍ മുന്‍ നിരയിലുള്ള ദേവരകൊണ്ടയുടെ ഏറ്റവും പുതിയ ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. പുരി ജഗന്നാഥ് സംവിധാനം ചെയ്തിരിക്കുന്ന സ്പോര്‍ട്സ് ആക്ഷന്‍ ചിത്രം ലൈഗര്‍ ആണ് ആ ചിത്രം. വിജയ് ദേവരകൊണ്ട ആരാധകരെ സംബന്ധിച്ച് ഏറെ പ്രതീക്ഷയുണ്ടായിരുന്ന ചിത്രത്തിന്‍റെ ആദ്യ പ്രതികരണങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തെത്തി തുടങ്ങിയിട്ടുണ്ട്.
തെലുങ്ക് സിനിമാ വ്യവസായം പ്രതീക്ഷിച്ചിരുന്നതുപോലെ പോസിറ്റീവ് മൌത്ത് പബ്ലിസിറ്റിയല്ല ചിത്രത്തിന് ലഭിക്കുന്നത്. മറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ്. ചിത്രം തങ്ങളെ തീര്‍ത്തും നിരാശപ്പെടുത്തിയെന്നും വിജയ് ദേവരകൊണ്ടയുടെ ശാരീരികമായ മേക്കോവറിനപ്പുറം ചിത്രത്തില്‍ മികവിന്‍റെ അടയാളങ്ങള്‍ ഇല്ലെന്നും ഒരു വിഭാഗം പറയുമ്പോള്‍ ചിത്രം എല്ലാവരെയും നിരാശരാക്കില്ലെന്ന് മറ്റൊരു വിഭാഗം പ്രേക്ഷകര്‍ പറയുന്നു. ട്വിറ്റര്‍ റിവ്യൂസ് വിശ്വസിക്കരുതെന്നാണ് വിജയ് ദേവരകൊണ്ട ആരാധകര്‍ പറയുന്നത്. അനന്യപാണ്ടെ, രമ്യ കൃഷ്ണൻ എന്നിവർക്കൊപ്പം ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസണും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. 2 മണിക്കൂര്‍ 20 മിനിറ്റ് റണ്ണിംഗ് ടൈം ഉള്ള ചിത്രത്തിന് യു/ എ സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. മിക്‌സഡ് മാർഷ്യൽ ആർട്‌സ് പശ്ചാത്തലമാക്കുന്ന ചിത്രം ബിഗ് ബജറ്റിലാണ് ഒരുങ്ങിയിരിക്കുന്നത്. തെലുങ്കിലും ഹിന്ദിയിലുമായി ചിത്രീകരിച്ച സിനിമ മലയാളം ഉൾപ്പടെ വേറെ അഞ്ച് ഭാഷകളിലേക്ക് കൂടി മൊഴി മാറ്റിയിട്ടുണ്ട്. കേരളത്തിലും വൈഡ് റിലീസ് ആണ് ചിത്രത്തിന്. മലയാളം പതിപ്പിന് പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകള്‍ക്കും കേരളത്തിൽ പ്രദർശനമുണ്ട്.