രാജ്യവിരുദ്ധ പ്രചാരണങ്ങൾ നടത്തുകയും ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത 8 യൂട്യൂബ് ചാനലുകൾ കേന്ദ്രം നിരോധിച്ചു. ഒരു പാക്ക് ചാനലും, 7 ഇന്ത്യൻ ചാനലുമാണ് ഇന്ത്യാ വിരുദ്ധ ഉള്ളടക്കം പ്രചരിപ്പിച്ചതിന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം നിരോധിച്ചത്. എട്ട് യൂട്യൂബ് അധിഷ്ഠിത വാർത്താ ചാനലുകൾ, ഒരു ഫേസ്ബുക്ക് അക്കൗണ്ട്, രണ്ട് ഫേസ്ബുക്ക് പോസ്റ്റുകൾ എന്നിവയാണ് നിരോധിച്ചിട്ടുള്ളത്. ഇവയ്ക്ക് 114 കോടിയിലധികം വ്യൂവേഴ്സും, 85 ലക്ഷത്തി 73 ആയിരം സബ്സ്ക്രൈബേഴ്സും ഉണ്ടായിരുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു. മതപരമായ നിർമിതികൾ പൊളിക്കാൻ ഇന്ത്യാ ഗവൺമെന്റ് ഉത്തരവിട്ടു എന്നതുപോലുള്ള വ്യാജ വാർത്തകൾ ഇവർ നൽകിയതായി കണ്ടെത്തി. 2021ലെ ഐ ടി നിയമങ്ങൾ പ്രകാരമാണ് നടപടി. ഇത്തരം യൂട്യൂബ് ചാനലുകളുടെ ഉള്ളടക്കത്തിന്റെ ലക്ഷ്യം മതസമൂഹങ്ങൾക്കിടയിൽ വിദ്വേഷം പടർത്തുക എന്നതായിരുന്നു. ഇന്ത്യൻ സായുധ സേന, ജമ്മു കശ്മീർ തുടങ്ങിയ വിവിധ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പോസ്റ്റ് ചെയ്യാനും യൂട്യൂബ് ചാനലുകൾ ഉപയോഗിച്ചിരുന്നു.