തളിപ്പറമ്പ്: ഭാഷ വെറും വിനിമയത്തിന് മാത്രമല്ലെന്നും അതൊരു സംസ്ക്കാരമായി സംരക്ഷിക്കപ്പെടേണ്ടതാണെന്നും കേരള സംഗീത നാടക അക്കാദമി സെക്രട്ടെറി കരിവെള്ളൂർ മുരളി. മലയാള ഭാഷക്ക് വേണ്ടി രൂപീകരിക്കപ്പെട്ട മാതൃമലയാളം മധുരമലയാളം ട്രസ്റ്റിന്റെ പ്രവര്‍ത്തനോദ്ഘാടനവും അംഗത്വ വിതരണവും നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച എട്ട് മഹത് വ്യക്തിത്വങ്ങളെ ചടങ്ങിൽആദരിച്ചു. ട്രസ്റ്റ് സ്ഥാപകനും മാനേജിംഗ് ട്രസ്റ്റിയുമായ കെ.സി.മണികണ്ഠന്‍ നായര്‍ അധ്യക്ഷത വഹിച്ചു. മുന്നോക്ക സമുദായ ക്ഷേമ കോര്‍പറേഷന്‍ ഡയരക്ടര്‍ കെ.സി.സോമന്‍ നമ്പ്യാര്‍ ആദ്യ അംഗത്വം സ്വീകരിച്ചു.
ട്രസ്റ്റിൻ്റെ മാതൃ മലയാളം ഡിജിറ്റൽ മാസിക ആന്തൂർ നഗരസഭാ അധ്യക്ഷൻ പി.മുകുന്ദൻ പ്രകാശനം ചെയ്തു. പ്രഫ.ഇ.കുഞ്ഞിരാമന്‍ വിശിഷ്ടവ്യക്തികളെ ആദരിച്ചു. ഡോ.കരിമ്പം.കെ.പി.രാജീവന്‍ വിശിഷ്ടവ്യക്തിത്വങ്ങളെ പരിചയപ്പെടുത്തി.
പി.വി.സതീഷ്‌കുമാര്‍ വിജയ് നീലകണ്ഠന്‍ പി.ടി.മുരളീധരന്‍ എന്നിവർ പ്രസംഗിച്ചു. ഷെറി ഗോവിന്ദന്‍(സിനിമ), ധനഞ്ജയഭട്ട്(ക്ഷേത്രകല), പി.എം.ജോണ്‍(സാഹിത്യം), സിമി ബക്കളം(കാര്‍ഷികം), റിയാസ്(പൊതുസേവനം), സതീശന്‍ തില്ലങ്കേരി(ആധ്യാത്മികം), ഡോ.സരിത സതീഷ്(ആയുര്‍വേദം), സി.വി.ഷനില്‍(കലാശില്‍പ്പി) എന്നിവരെയാണ് ആദരിച്ചത്.
മലയാള ഭാഷയുടെ ഉന്നമനത്തിന് വേണ്ടി ദേശീയതലത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനക്ക് രൂപം നല്‍കുന്നത് ഉള്‍പ്പെടെ നിരവധി പരിപാടികള്‍ ആസൂത്രണം ചെയ്തുവരികയാണെന്ന് സംഘാടകർ പറഞ്ഞു.