ആർട്ടെമിസ് 1 ദൗത്യം; ഓറിയോൺ പേടകവും എസ്എൽഎസ് റോക്കറ്റും ലോഞ്ച്പാഡിലെത്തി

0
73

ഫ്ളോറിഡ: ആർട്ടെമിസ് 1 ദൗത്യത്തിനായുള്ള റോക്കറ്റും പേടകവും നാസ കെന്നഡി ബഹിരാകാശ നിലയത്തിലെ ലോഞ്ച് കോംപ്ലക്സ് 39ബിയിലെത്തിച്ചു. അമേരിക്കൻ സമയം രാത്രി 10 മണിയോടെയാണ് (ഇന്ത്യൻ സമയം ഓഗസ്റ്റ് 17 രാവിലെ 7.30) ക്രോളർ ട്രാൻസ്പോട്ടറിൽ ഓറിയോൺ പേടകവും, സ്പേസ് ലോഞ്ച് സിസ്റ്റം (എസ്എൽഎസ്) റോക്കറ്റും ലോഞ്ച് പാഡിൽ എത്തിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. ഇതിന്റെ ദൃശ്യങ്ങൾ യൂട്യൂബിൽ ലഭ്യമാണ്.

ഓഗസ്റ്റ് 29 ന് മുമ്പ് എസ്എൽഎസ് റോക്കറ്റും ഓറിയോൺ പേടകവും വിക്ഷേപിക്കാനാണ് പദ്ധതി. അഞ്ച് ഘട്ടങ്ങളിലുള്ള ബൂസ്റ്ററുകളും നാല് ആർഎസ്-5 എഞ്ചിനുകളുമാമ് എസ്എൽഎസ് റോക്കറ്റിലുള്ളത്. ബൂസ്റ്ററുകൾ, സർവീസ് മൊഡ്യൂൾ പാനലുകൾ, ലോഞ്ച് അബോർട്ട് സിസ്റ്റങ്ങൾ എന്നിവ ഒഴിവാക്കുകയും കോർ സ്റ്റേജ് എഞ്ചിനുകൾ ഷട്ട് ഡൗൺ ചെയ്യുകയും ചെയ്ത ശേഷം കോർ സ്റ്റേജ് പേടകത്തിൽ നിന്ന് വേർപെടും.

ശേഷം ഭൂമിയുടെ ഭ്രമണപഥത്തിൽ ചുറ്റുന്ന പേടകം സോളാർ പാനലുകൾ വിന്യസിക്കും. അതിന് ശേഷം ഇന്ററിം ക്രയോജനിക് പ്രൊപ്പൽഷൻ സ്റ്റേജ് (ഐസിപിഎസ്) ഉപയോഗിച്ച് ഓറിയോണിനെ ഭൂമിയുടെ ഭ്രമണപഥത്തിന് പുറത്തേക്ക് തള്ളുകയും ചന്ദ്രനെ ലക്ഷ്യമാക്കി നീങ്ങുകയും ചെയ്യും.

വിക്ഷേപണം കഴിഞ്ഞ് രണ്ട് മണിക്കൂറിനിടയിൽ ഓറിയോണിൽ നിന്ന് ഐസിപിഎസ് വേർപെടും. വേർപെട്ടതിന് ശേഷം യീസ്റ്റ് അടങ്ങുന്ന കാർഗോ വഹിച്ചുകൊണ്ടുള്ള ബയോ സെന്റിനെൽ ഉൾപ്പടെ ക്യൂബ് സാറ്റ്സ് എന്ന് വിളിക്കുന്ന ചെറു ഉപഗ്രഹങ്ങൾ ഐസിപിഎസ് ശൂന്യാകാശത്ത് വിന്യസിക്കും. വിവിധ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ പരീക്ഷണങ്ങൾ നടത്തുകയാണ് ഈ ക്യൂബ് സാറ്റുകളുടെ ചുമതല.

ഐസിപിഎസിൽ നിന്ന് വേർപെടുന്ന ഓറിയോൺ പേടകത്തെ ഭൂമിയുടെ ഭ്രമണ പഥത്തിൽ നിന്നും ചന്ദ്രനിലേക്ക് തുടർന്ന് നയിക്കുക യൂറോപ്യൻ സ്പേസ് എജൻസി നിർമിച്ച ഒരു സർവീസ് മോഡ്യൂൾ ആണ്. പേടകത്തിന് വേണ്ട പ്രൊപ്പൽഷനും ഊർജവും നൽകുകയാണ് ഈ സർവീസ് മോഡ്യൂളിന്റെ ചുമതല. ഭാവിയിൽ മനുഷ്യരെ വഹിച്ചുള്ള വിക്ഷേപണങ്ങളിൽ ഈ സർവീസ് മോഡ്യൂളിലായിരിക്കും വായുവും വെള്ളവും ശേഖരിക്കുക.

ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള യാത്ര ഏകദേശം ആറ് ദിവസമെടുക്കും. ചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തുന്ന പേടകം അവിടെ നിന്ന് വിവരശേഖരണം നടത്തും ശേഷം ദൗത്യ സംഘം പ്രവർത്തനം വിലയിരുത്തും. ഇതിന് ശേഷം ഓറിയോൺ വീണ്ടും ചന്ദ്രന്റെ അടുത്തേക്ക് നീങ്ങും. ചന്ദ്രോപരിതലത്തിൽ നിന്ന് ഏകദേശം 95 കിലോമീറ്റർ ഉയരത്തിലെത്തുന്ന പേടകം സർവീസ് മോഡ്യൂലിന്റെ എഞ്ചിൻ ഫയറിങ് ഉപയോഗിക്കുകയും ചന്ദ്രന്റെ ഗുരുത്വാകർഷണബലം പ്രയോജനപ്പെടുത്തി ഭൂമിയെ ലക്ഷ്യമാക്കി കുതിക്കുകയും ചെയ്യും.

ഏകദേശം മണിക്കൂറിൽ 40,000 കിലോമീറ്റർ വേഗത്തിലാണ് ഓറിയോൺ പേടകം ഭൂമിയുടെ അന്തരീക്ഷത്തിൽ പ്രവേശിക്കുക. ഇതുവഴി 3000 ഡിഗ്രി സെൽഷ്യസിനടുത്ത് താപം സൃഷ്ടിക്കപ്പെടും.

മൂന്നാഴ്ചകൾ നീളുന്ന ദൗത്യം പൂർത്തിയാക്കി ഏകദേശം 20 ലക്ഷം മൈലുകൾ യാത്ര ചെയ്യുന്ന പേടകം ഭൂമിയിൽ വന്നിറങ്ങും. കാലിഫോർണിയയ്ക്ക് സമീപം കടലിലാണ് പേടകം വന്ന് പതിക്കുക. തുടർന്ന് നാസയുടെ ദൗത്യ സംഘം സ്ഥലത്തെത്തി പേടകം കണ്ടെത്തി തിരികെ കൊണ്ടുവരാനുള്ള നടപടികൾ സ്വീകരിക്കും.

മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള ദൗത്യമാണ് ആർട്ടെമിസ്. ഈ പദ്ധതിയുടെ ആദ്യ വിക്ഷേപണമാണ് നടക്കാൻ പോവുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here