‘ ക്രൂക്ക്ഡ് ഫോറസ്റ്റ് ‘ എന്ന് കേട്ടിട്ടുണ്ടോ ? പടിഞ്ഞാറൻ പോളണ്ടിലെ ചെറുപട്ടണമായ ഗ്രിഫിനോയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പേരു പോലെ തന്നെ വളഞ്ഞ മരങ്ങളാണ് ഈ വനത്തിന്റെ പ്രത്യേകത. വളഞ്ഞ മരങ്ങൾ സാധാരണമാണ്. എന്നാൽ ഇവിടുത്തെ മരങ്ങൾ തികച്ചും അസാധാരണമാണ്.
ഇവിടുത്തെ 400 പൈൻ മരങ്ങൾക്കും അതിന്റെ താഴെത്തെ തടി ഭാഗത്ത് മാത്രം ഒരേ പോലെ വടക്കോട്ട് 90 ഡിഗ്രി ചരിവുണ്ട്. ! ക്രൂക്കഡ് ഫോറസ്റ്റിന് ചുറ്റുമുള്ള വനത്തിലാകട്ടെ യാതൊരു കുഴപ്പവുമില്ലാത്ത പൈൻ മരങ്ങളും. എങ്ങനെയാണ് ക്രൂക്കഡ് ഫോറസ്റ്റെന്നറിയപ്പെടുന്ന ഭാഗത്തെ മരങ്ങൾക്ക് മാത്രം ഇങ്ങനെയൊരു വിചിത്ര രൂപം ലഭിക്കാൻ കാരണമെന്ന് ആർക്കും അറിയില്ല.
ഏകദേശം 1930ലാണ് ഈ 400 മരങ്ങളും നട്ടത്. 7 മുതൽ 10 വരെ വർഷം ഈ മരങ്ങൾ സാധാരണ ഗതിയിൽ തന്നെ വളർന്നിരിക്കാമെന്നും മനുഷ്യന്റെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളാകാം ഇവയുടെ വളവിന് കാരണമായതെന്നും അനുമാനിക്കപ്പെടുന്നു. താഴത്തെ വളവൊഴിച്ചാൽ മുകളിലേക്ക് നീണ്ട് വളർന്നിരിക്കുന്ന ഈ മരങ്ങൾക്ക് യാതൊരു കേടുപാടും ഇല്ല.