മുംബൈ: മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന ഭീഷണി ഫോൺ കോൾ ലഭിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മുംബൈയിലെ ബൊരിവാലിയിൽനിന്നാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്. മുംബൈ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിടികൂടിയയാളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് വൃത്തങ്ങൾ പറയുന്നു.
ഇന്ന് ഉച്ചയ്ക്ക് മുമ്പാണ് റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിൽ വിളിച്ച അജ്ഞാതനായ ആൾ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയത്. താൻ ഒരു തീവ്രവാദിയാണെന്നും, മുകേഷ് അംബാനിയെയും കുടുംബത്തെയും കാണിച്ചുകൊടുക്കുമെന്നും വിളിച്ചയാൾ പറഞ്ഞു. മുകേഷ് അംബാനി മുംബൈയിലെ ഭീകരവിരുദ്ധസേനയെയും എൻഐഎയെയും ദുരുപയോഗം ചെയ്യുകയാണെന്നും വിളിച്ചയാൾ പറഞ്ഞു. അതുകൊണ്ടുതന്നെ ഭീകരവിരുദ്ധസേനയെയും എൻഐഎയെയും താൻ കാണിച്ചുകൊടുക്കാമെന്നും വിളിച്ചയാൾ പറഞ്ഞു.
ഭീഷണി ഫോൺ സന്ദേശം എത്തിയതോടെ മുകേഷ് അംബാനിയ്ക്കും കുടുംബത്തിനുമുള്ള സുരക്ഷ വർദ്ധിപ്പിക്കുമെന്ന് മുംബൈ പൊലീസിലെ ഉന്നതൻ സിഎൻഎൻ ന്യൂസ് 18നോട് പറഞ്ഞു. ഇതിന്‍റെ ഭാഗമായി അംബാനിയുടെ വസതിയായ ആന്‍റിലിയയുടെ സുരക്ഷ വർദ്ധിപ്പിക്കാൻ നടപടി തുടങ്ങിയതായും പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് മുമ്പാണ് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയും കുടുംബത്തെയും അപായപ്പെടുത്തുമെന്ന് അവകാശപ്പെട്ട് അജ്ഞാതന്‍റെ ഫോൺ വിളി എത്തിയത്. മുംബൈയിലെ റിലയൻസ് ഫൗണ്ടേഷൻ ആശുപത്രിയിലാണ് ഫോൺ വിളി എത്തിയത്. ഇതുസംബന്ധിച്ച് ഡിബി മാർഗ് പൊലീസ് സ്റ്റേഷനിൽ ആശുപത്രി അധികൃതർ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു. ഉടൻ എഫ്ഐആർ രജിസ്റ്റർ ചെയ്യും. ഫോൺ വിളിയെക്കുറിച്ച് അന്വേഷണം ഊർജിതമായി നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.