ലണ്ടന്‍: കോമണ്‍വെല്‍ത്ത് ഗെയിംസ് സംഘത്തില്‍ നിന്ന് പത്ത് ശ്രീലങ്കക്കാരെ കാണാനില്ല. അജ്ഞാതമായ തിരോധാനമാണ് ഇവരുടേത്. ബിര്‍മിങ്ഹാമില്‍ വെച്ചാണ് ഇവരെ കാണാതായത്. ഒന്‍പത് ടീമംഗങ്ങളെയും ഒരു ടീം ഒഫീഷ്യലിനെയുമാണ് കാണാതായത്. ഇവരുടെ മത്സര ഇനം പൂര്‍ത്തിയാക്കിയ ശേഷമാണ് തിരോധാനം. ജൂഡോ താരം ചമീല തിലാനി, ഇവരുടെ മാനേജര്‍ അസല ഡി സില്‍വ, ഗുസ്തി താരം ഷനിത് ചതുരംഗ എന്നിവര്‍ ഇതില്‍ വരും. ഇവരെയാണ് ആദ്യം കാണാതായത്. കഴിഞ്ഞയാഴ്ച്ചയായിരുന്നു ഇവരുടെ തിരോധാനം.
ഇവരെ കാണാതായ ശേഷം ഏഴ് പേര്‍ കൂടി ഇതേ രീതിയില്‍ അപ്രത്യക്ഷതരായെന്ന് ശ്രീലങ്കന്‍ സംഘം പറയുന്നു. ഇവര്‍ ബ്രിട്ടനില്‍ തന്നെയുണ്ടെന്ന് സംശയിക്കുന്നതായി ടീം അധികൃതര്‍ പറയുന്നു. മറ്റേതെങ്കിലും ജോലിക്കായി ഇവര്‍ ശ്രമിക്കുകയാണെന്ന് കരുതുന്നുണ്ട്. ശ്രീലങ്കന്‍ ടീം മാനേജ്‌മെന്റ് എല്ലാ താരങ്ങളുടെയും ഒഫീഷ്യലുകളുടെയും പാസ്‌പോര്‍ട്ടുകള്‍ വാങ്ങി വെച്ചിട്ടുണ്ട്. ഇവരെ നാട്ടിലെത്തിക്കണമെന്ന ഉദ്ദശത്തോടെയാണ് ഈ നീക്കം നടത്തിയത്. എന്നാല്‍ ചിലര്‍ പാസ്‌പോര്‍ട്ട് നല്‍കിയില്ല. ക്യാമ്പ് വിട്ടുപോവുകയും ചെയ്തു.
മുമ്പും അന്താരാഷ്ട്ര മത്സര വേദികളില്‍ നിന്ന് ശ്രീലങ്കന്‍ അത്‌ലറ്റുകള്‍ മുങ്ങാറുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ശ്രീലങ്കന്‍ റെസ്ലിംഗ് കോച്ച് ടീമിനെ ഉപേക്ഷിച്ച് പോയിരുന്നു. ഒസ്ലോയില്‍ വെച്ചായിരുന്നു ഇയാളെ കാണാതായത്. ടീം ഇവിടെ ലോക ചാമ്പ്യന്‍ഷിപ്പിനായി എത്തിയതായിരുന്നു. രാജ്യത്തെ മോശം സാഹചര്യങ്ങളാണ് വിദേശത്തേക്ക് രക്ഷപ്പെടാന്‍ കായിക താരങ്ങളെ അടക്കം പ്രേരിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.