വാഷിങ്ടൻ : ഇന്ത്യൻ വംശജയായ അഭിഭാഷക രൂപാലി എച്ച്.ദേശായിയെ (44) അമേരിക്കയിലെ ഉന്നത കോടതിയിൽ ജഡ്ജിയായി നിയമിച്ചു. ഒമ്പതാം സർക്യൂട്ട് കോടതിയിലാണ് നിയമനം. ഈ പദവിയിലെത്തുന്ന ആദ്യ ദക്ഷിണേഷ്യൻ വംശജയാണ് രൂപാലി.
രൂപാലിയുടെ നിയമനം 29ന് എതിരെ 67 വോട്ടുകൾക്കാണ് സെനറ്റ് അംഗീകരിച്ചത്. അരിസോന സ്കൂൾ ഓഫ് ലോയിൽ നിന്ന് 2000 ൽ ബിരുദവും അരിസോന യൂണിവേഴ്സിറ്റിയിൽ നിന്ന് 2005 ൽ ഡോക്ടറേറ്റും നേടിയ രൂപാലി ഈ കോടതിയിലെ ആദ്യ വനിത ജഡ്ജിയാണ്.
സാൻഫ്രാൻസിസ്കോ ആസ്ഥാനമായ ഒമ്പതാം സർക്യൂട്ട് കോടതി അമേരിക്കയിലെ 13 അപ്പീൽ കോടതികളിൽ ഏറ്റവും വലുതാണ്. ഒമ്പത് സംസ്ഥാനങ്ങളും രണ്ട് ഭൂപ്രദേശങ്ങളും കോടതിയുടെ അധികാരപരിധിയിൽ വരുന്നു.നിയമരംഗത്ത് 16 വർഷത്തെ അനുഭവസമ്പത്തുണ്ട് രൂപാലിക്ക്.
ഇന്ത്യൻ വംശജയായ രൂപാലി എച്ച് ദേശായി കാനഡയിലെ ടൊറന്റോയിൽ ജനിച്ചത്. നിയമബിരുദം നേടിയ ശേഷം ലീഗല്‍ ഓഫിസറായി പ്രവര്‍ത്തിച്ചിട്ടുള്ള രൂപാലി ഒമ്പതാം സർക്യൂട്ട് കോടതിയിലെ ആദ്യ വനിത ചീഫ് ജസ്റ്റിസ് മേരി ഷ്രോഡറുടെ സഹായിയായിരുന്നു.