തിരുവനന്തപുരം: പ്രമേഹം മൂലമോ അമിത പുകവലിയുടെ ഫലമായോ കാല്പാദം നീക്കം ചെയ്യേണ്ടി വരുന്ന രോഗികള്‍ക്കും അവരെ ചികില്‍സിക്കുന്ന ഡോക്ടറന്മാര്‍ക്കും ഉടനടി പരിഹാരത്തിനായി ആശ്രയിക്കാവുന്ന ടോള്‍ ഫ്രീ അമ്പ്യുട്ടഷന്‍ ഫ്രീ ഹെല്‍പ്പ് ലൈന്‍ നമ്പറായ 1800-123-7856 മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങള്‍ക്കായി സമര്‍പ്പിച്ചു. ഈ നമ്പറില്‍ 24 മണിക്കൂറും രോഗസംബന്ധമായ വിഷയങ്ങള്‍ അറിയാന്‍ കഴിയും. പ്രമേഹ രോഗികള്‍ക്കിടയിലെ കാല്‍ മുറിച്ചുമാറ്റുന്നതു കുറക്കുക എന്ന ലക്ഷ്യത്തോടെ വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരളയുടെ ക്യാമ്പയിന്റെ ഭാഗമായാണ് ടോള്‍ ഫ്രീ നമ്പര്‍ സേവനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഈ സഹായ പദ്ധതിയിലൂടെ രോഗികളുടെ കാലുകള്‍ നഷ്ടപ്പെടുന്നത് കുറയ്ക്കാനുള്ള ശ്രമമാണ് വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള ലക്ഷ്യമിടുന്നത്.
പ്രമേഹ രോഗികള്‍ക്ക് അവരുടെ കാല്‍ നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാനുള്ള വിവിധ ചികിത്സാരീതികളെ പറ്റി ഉപദേശങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി ഈ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്. കേരളത്തിലെ 25 ഓളം വാസ്‌കുലര്‍ സര്‍ജന്മാര്‍ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ക്കും സൗജന്യമായി ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കും.
സൊസൈറ്റി നടത്തിയ പഠനത്തില്‍ സമയബന്ധിതമായും കൃത്യവുമായ ചികിത്സ നല്‍കിയാല്‍ 80% രോഗികളിലും കാല്‍ നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. കാലിലെ രക്ത ഓട്ടം കുറയുന്നതും കാലില്‍ നിലയ്ക്കാത്ത അണുബാധ ഉണ്ടാകുന്നതുമാണ് കൂടുതല്‍ രോഗികളുടെയും കാലുകള്‍ നഷ്ടപ്പെടാന്‍ കാരണം. പഠനത്തില്‍ 20% താഴെ ആള്‍ക്കാര്‍ മാത്രമേ ഇത്തരത്തില്‍ കാല്‍ മുറിച്ചുമാറ്റപ്പെട്ട ശേഷം സാധാരണമായ ഒരു ജീവിതരീതിയിലേക്ക് മടങ്ങാന്‍ സാധിക്കുന്നുള്ളു. സാമ്പത്തിക അടിത്തറയുള്ള വീടുകളില്‍ പോലും ഇത്തരം രോഗികളെ നോക്കാന്‍ പലപ്പോഴും ബന്ധുക്കള്‍ക്ക് സാധിക്കാതെ വരികയും സമയത്ത് ആഹാരം ലഭിക്കാതെയും പ്രാഥമിക കര്‍ത്തവ്യം നിര്‍വഹിക്കാനുള്ള സഹായമോ ലഭിക്കാത്തതുമൂലം ദുരിതമനുഭവിക്കുകയാണ്. വ്യായാമം ചെയ്യാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഇവരില്‍ മിക്കവര്‍ക്കും ഹൃദ്രോഗം വരാനും മരണം വരെയും ഉണ്ടാകുന്നു.
ഈ അവസ്ഥക്ക് ഒരു മാറ്റം ഉണ്ടാക്കുന്നതിനും രോഗികള്‍ക്കും അവരെ ശുശ്രൂഷിക്കുന്നവര്‍ക്കും ഡോക്ടറന്മാര്‍ക്കും സംശയ നിവാരണവും അനുയോജ്യ ചികിത്സ സംബന്ധിയായ ഉപദേശവും ഈ സംവിധാനത്തിലൂടെ വാസ്‌കുലര്‍ സൊസൈറ്റി ഓഫ് കേരള നല്‍കും.