IND vs WI: പരമ്പര തൂത്തുവാരി ഇന്ത്യ

0
68

പോര്‍ട്ട് ഓഫ് സ്‌പെയിന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്ന് മത്സര ഏകദിന പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാം മത്സരത്തില്‍ 119 റണ്‍സിനാണ് ഇന്ത്യയുടെ ജയം. മഴ വില്ലനായ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 36 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 225 എന്ന നിലയില്‍ നില്‍ക്കവെ രണ്ടാം തവണയും മഴ മത്സരം തടസപ്പെടുത്തുകയുണ്ടായി. ഇതോടെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം 35 ഓവറില്‍ 257 എന്ന നിലയിലേക്ക് വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ വിന്‍ഡീസ് 26 ഓവറില്‍ 137ന് റണ്‍സിന് പുറത്താവുകയായിരുന്നു. ശുബ്മാന്‍ ഗില്ലാണ് കളിയിലെയും പരമ്പരയിലെയും താരം.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഇന്ത്യയുടെ തീരുമാനം തെറ്റിയില്ല. നായകന്‍ ശിഖര്‍ ധവാനും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 113 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. ആദ്യ മത്സരത്തിലും സെഞ്ച്വറി കൂട്ടുകെട്ട് സൃഷ്ടിക്കാന്‍ ധവാന്‍-ഗില്‍ കൂട്ടുകെട്ടിന് സാധിച്ചിരുന്നു. 74 പന്തില്‍ ഏഴ് ബൗണ്ടറി ഉള്‍പ്പെടെ 58 റണ്‍സ് നേടിയ ധവാനെയാണ് ആദ്യം ഇന്ത്യക്ക് നഷ്ടമായത്. പരമ്പരയിലെ രണ്ടാം ഫിഫ്റ്റിയോടെ തിളങ്ങിയ ധവാനെ ഹെയ്ഡന്‍ വാല്‍ഷാണ് പുറത്താക്കിയത്.

ശുബ്മാന്‍ ഗില്ലും ശ്രേയസ് അയ്യരും ചേര്‍ന്ന് 86 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് സൃഷ്ടിച്ചു. 34 പന്തില്‍ നാല് ഫോറും ഒരു സിക്സും പറത്തിയ ശ്രേയസ് മടങ്ങുമ്പോള്‍ ഇന്ത്യ 32.2 ഓവറില്‍ 199 റണ്‍സെന്ന നിലയില്‍. സൂര്യകുമാര്‍ യാദവ് തുടര്‍ച്ചയായി മൂന്നാം മത്സരത്തിലും ഫ്ളോപ്പായി. 6 പന്തില്‍ 8 റണ്‍സെടുത്ത് മടങ്ങി. 36 ഓവര്‍ എത്തിയപ്പോഴേക്കും മഴ വീണ്ടുമെത്തി കളി നിര്‍ത്തിവെച്ചു. പിന്നീട് 35 ഓവറാക്കി മത്സരം ചുരുക്കിയതോടെ ഡെക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിന്‍ഡീസിന് മുന്നില്‍ 35 ഓവറില്‍ 257 എന്ന നിലയിലേക്ക് വിജയലക്ഷ്യം പുനര്‍നിശ്ചയിച്ചു. രണ്ട് റണ്‍സകലെ ഗില്ലിന് കന്നി ഏകദിന സെഞ്ച്വറി നഷ്ടമായതാണ് നിരാശ. 7 ഫോറും 2 സിക്‌സും ഉള്‍പ്പെടെ 98 റണ്‍സുമായി അദ്ദേഹം പുറത്താവാതെ നിന്നു. 7 പന്തില്‍ 6 റണ്‍സുമായി സഞ്ജുവും ക്രീസിലുണ്ടായിരുന്നു.

ഹെയ്ഡന്‍ വാല്‍ഷ് രണ്ട് വിക്കറ്റും അക്കീല്‍ ഹൊസീന്‍ ഒരു വിക്കറ്റും വിന്‍ഡീസിനായി വീഴ്ത്തി. മറുപടിക്കിറങ്ങിയ വിന്‍ഡീസിനായി ബ്രണ്ടന്‍ കിങ് (42), നിക്കോളാസ് പൂരന്‍ (42) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. യുസ് വേന്ദ്ര ചഹാല്‍ നാല് വിക്കറ്റും മുഹമ്മദ് സിറാജും ശര്‍ദുല്‍ ഠാക്കൂറും രണ്ട് വിക്കറ്റ് വീതവും അക്ഷര്‍ പട്ടേലും പ്രസിദ്ധ് കൃഷ്ണയും ഓരോ വിക്കറ്റും വീഴ്ത്തിയതോടെ ആതിഥേയര്‍ 26 ഓവറില്‍ 137 റണ്‍സിലൊതുങ്ങി. ഇന്ത്യന്‍ ടീമില്‍ ഒരു മാറ്റം മാത്രമാണ് ഉണ്ടായത്. ആവേഷ് ഖാന് പകരം പ്രസിദ്ധ് കൃഷ്ണ ടീമിലേക്ക് തിരിച്ചെത്തി. അതേ സമയം രണ്ട് മാറ്റങ്ങളോടെയാണ് വിന്‍ഡീസ് ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ 3 റണ്‍സിനും രണ്ടാം മത്സരത്തില്‍ 2 വിക്കറ്റിനുമാണ് ഇന്ത്യയുടെ ജയം. രണ്ട് മത്സരത്തിലും ലാസ്റ്റ് ഓവര്‍ ത്രില്ലറിലാണ് ഇന്ത്യ ജയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here