തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദവിയില്‍ മാറ്റം വരാന്‍ സാധ്യത. പാര്‍ട്ടിക്കുള്ളില്‍ കെ സുരേന്ദ്രനെതിരെ പടയൊരുക്കം നടക്കുന്നുണ്ട്. എല്ലാവര്‍ക്കും സ്വീകാര്യനായ ഒരു നേതാവിനെ അധ്യക്ഷനാക്കണമെന്നാണ് ആവശ്യം. കെ സുരേന്ദ്രന് കീഴില്‍ പാര്‍ട്ടിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടായില്ലെന്നാണ് വാദം.
അത് മാത്രമല്ല, പാര്‍ട്ടിയില്‍ വിഭാഗീയത അതിശക്തമായി വളര്‍ന്നിരിക്കുകയാണ് സുരേന്ദ്ര വിരുദ്ധ പക്ഷം പറയുന്നു. നടനും മുന്‍ എംപിയുമായ സുരേഷ് ഗോപിയുടെ പേരാണ് ശക്തമായി മുന്നിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കേരളത്തിലെ ബിജെപിയുടെ ജനകീയ മുഖമാണ് സുരേഷ് ഗോപിയെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
കെ സുരേന്ദ്രന്റെ കാലാവധി അടുത്ത ഫെബ്രുവരിയിലാണ് അവസാനിക്കുന്നത്. ഇനിയും അദ്ദേഹം തുടരേണ്ടതില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം പറയുന്നത്. സുരേന്ദ്രന്‍ നേരിട്ട് പ്രചാരണം നടത്തിയിട്ട് കൂടി പലയിടത്തും ബിജെപി തോറ്റത് എതിരാളികള്‍ ഉയര്‍ത്തി കാണിക്കുന്നു. സംസ്ഥാന അധ്യക്ഷനെ തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്നാണ് പാര്‍ട്ടിയുടെ ഭരണഘടനയിലുള്ളത്. എന്നാല്‍ കുറച്ച് കാലമായി നാമനിര്‍ദേശം ചെയ്യലാണ് നടക്കുന്നത്. സുരേന്ദ്രന് ഒരിക്കല്‍ കൂടി അവസരം ലഭിക്കുമെന്നാണ് അദ്ദേഹത്തിനൊപ്പമുള്ളവര്‍ പറയുന്നത്. വി മുരളീധരന്റെ പിന്തുണയും ഇക്കാര്യത്തില്‍ സുരേന്ദ്രനുണ്ട്.
ക്ഷേ സുരേഷ് ഗോപിയുടെ പേര് പലരും നിര്‍ദേശിച്ചിട്ടുണ്ട്. അദ്ദേഹത്തെ അധ്യക്ഷനാക്കണമെന്ന് പല നേതാക്കള്‍ക്കും താല്‍പര്യമുണ്ട്. ഒരു വിഭാഗത്തിന്റെയും പ്രതിനിധിയല്ലാത്ത നേതാവ് എന്ന ഗുണവും സുരേഷ് ഗോപിക്കുണ്ട്. ഇത് വിഭാഗീയത കുറയ്ക്കുമെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. സംസ്ഥാന നേതൃത്വമല്ല പക്ഷേ ഇക്കാര്യം തീരുമാനിക്കുന്നത്. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം നിര്‍ണായകമാണ്.