ശബരിമല • ഭക്തലക്ഷങ്ങൾ ദർശന പുണ്യം കൊതിക്കുന്ന അയ്യപ്പ സ്വാമിയുടെ സുവർണ ശ്രീകോവിൽ ചോരുന്നു. ശ്രീകോവിലിന്റെ മേൽക്കൂര സ്വർണം പൊതിഞ്ഞതാണ്. സ്വർണ പാളികളിലൂടെ ചോർന്നിറങ്ങുന്ന വെള്ളം ശ്രീകോവിലിന്റെ കഴുക്കോലിലെത്തി താഴേക്ക് ഒഴുകി സോപാനത്തുള്ള ദ്വാരപാലക ശിൽപങ്ങളിലാണ് പതിക്കുന്നത്.
ശ്രീകോവിലിന്റെ സ്വർണ പാളികൾ ഇളക്കിയാൽ മാത്രമേ ചോർച്ചയുടെ തീവ്രത മനസ്സിലാക്കാൻ കഴിയൂവെന്നു വിദഗ്ധർ പറഞ്ഞു. മുൻ എക്സിക്യൂട്ടീവ് ഓഫിസർ കൃഷ്ണകുമാരവാരിയർ ഇക്കാര്യം കഴിഞ്ഞ വിഷു പൂജാ സമയത്ത് ദേവസ്വം ബോർഡിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. തുടർന്ന് സ്പോൺസർമാരുടെ സഹായത്തോടെ ശ്രീകോവിലിന്റെ അറ്റകുറ്റപ്പണികൾ നടത്താൻ പദ്ധതിയിട്ടു. എന്നാൽ സ്പോൺസർമാരെ ഒഴിവാക്കി ദേവസ്വം ബോർഡ് നേരിട്ടു പണികൾ നടത്തിയാൽ മതിയെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ നിർദേശിച്ചു. അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ ഏപ്രിലിൽ ദേവന്റെ അനുജ്ഞയും വാങ്ങി. 3 മാസത്തിനുള്ളിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാമെന്നാണ് ദേവന്റെ അനുജ്ഞ വാങ്ങിയത്.
വിദഗ്ധരെ വരുത്തി ശ്രീകോവിലിന്റെ ചോർച്ച പരിശോധിക്കണമെന്നും ഇതിനായി ഹൈക്കോടതിയുടെ പ്രത്യേക അനുമതി വാങ്ങണമെന്നും ആവശ്യപ്പെട്ട് പുതിയ തിരുവാഭരണം കമ്മിഷണർ ജി.ബൈജുവും ദേവസ്വം ബോർഡിനു ഒരുമാസം മുൻപ് റിപ്പോർട്ട് നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായിട്ടില്ല.