കോഴിക്കോട്: സർക്കാരിൻ്റെ സൗജന്യ ഓണക്കിറ്റ് വിതരണം പ്രതിസന്ധിയിൽ ആയേക്കും. എതിർപ്പുമായി റേഷൻ ഡീലേഴ്സ് അസോസിയേഷൻ രംഗത്തെെത്തിയ സാഹചര്യത്തിലാണിത്. കൊവിഡ് കാലത്തെ കിറ്റ് വിതരണത്തിൻ്റെ കമ്മീഷൻ തുക ഇതുവരെ നൽകിയിട്ടില്ല.കമ്മിഷൻ തുക ഉടൻ നൽകാൻ ഹൈകോടതി ഉത്തരവ് നൽകി 5 മാസം ആയിട്ടും സർക്കാരിന് അനക്കമില്ലെന്നാണ് റേഷന്‍ ഡീലേഴ്സിന്‍റെ ആരോപണം.
കിറ്റ് വിതരണത്തിന് കമ്മീഷൻ നൽകാൻ ആകില്ലെന്ന സർക്കാർ നിലപാടിനോട് യോജിക്കാൻ ആകില്ലെന്ന് റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദലി പറഞ്ഞു. ഓണത്തിന് ഇത്തവണയും പ്രത്യേക സൗജന്യ സ്പെഷൽ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യാൻ സര്‍ക്കാര്‍ നടപടി തുടങ്ങിയിരുന്നു. 13 ഇനങ്ങൾ വിതരണം ചെയ്യാനാണ് ആലോചന. കഴിഞ്ഞ തവണ 15 ഇനങ്ങളായിരുന്നു കിറ്റിലുണ്ടായിരുന്നത്.
കൊവിഡ് കാലത്ത് റേഷൻ കടകൾ വഴി വിതരണം ചെയ്ത സൗജന്യ ഭക്ഷ്യ കിറ്റിന്‍റെ കമ്മീഷൻ തുകയുടെ കുടിശ്ശിക തീർക്കാതെ സർക്കാർ. റേഷൻ കടയുടമകൾക്ക് ആദ്യ രണ്ട്മാസത്തെ കമ്മീഷൻ മാത്രമാണ് ലഭിച്ചത്. സംസ്ഥാനത്തൊട്ടാകെ 50 കോടി 86 ലക്ഷം രൂപയാണ് കൊടുത്ത് തീർക്കാനുള്ളത്.
കൊവിഡ് കാലത്ത് അടച്ചിട്ട് വീട്ടിലിരുന്നവർക്ക് ആശ്വാസമായിരുന്നു മുഖ്യമന്ത്രി നടത്തിയ സൗജന്യ ഭക്ഷ്യകിറ്റ് പ്രഖ്യാപനം. 2020 ഏപ്രിൽ മുതൽ അരിയും പഞ്ചസാരയും ഉൾപ്പെടെയുള്ള അത്യാവശ്യ സാധനങ്ങളെല്ലാം റേഷൻ കടകൾ വഴി ജനങ്ങളിലേക്കെത്തിച്ചു. കിറ്റ് നൽകി സർക്കാർ ജനങ്ങളുടെ മനസ്സിലും കയറി. പക്ഷേ, കിറ്റ് ജനങ്ങളിലെത്തിക്കാൻ കഷ്ടപ്പെട്ട് പണിയെടുത്ത റേഷൻ കടക്കാരെ സർക്കാർ സൗകര്യപൂർവമങ്ങ് മറന്ന് കളഞ്ഞു.
ഏപ്രിൽ മുതൽ 13 മാസമാണ് സൗജന്യ കിറ്റ് വിതരണം ചെയ്തത്. ഇതിൽ ആദ്യ രണ്ട് മാസം കമ്മീഷൻ തുകയായ 7 രൂപ നൽകി. പിന്നീടത് അഞ്ചായി കുറച്ചു. ബാക്കി തുക കൊടുത്ത് തീർക്കാൻ നാളിത്രയായിട്ടും സർക്കാരിനായിട്ടില്ല. 50 കോടിയിലധികം രൂപയാണ് കൊടുത്ത് തീർക്കാനുള്ളത്. കിറ്റിന്‍റെ കുടിശ്ശിക എത്രയും പെട്ടന്ന് നൽകാൻ ഹൈക്കോടതി ഉത്തരവ് വരെ വന്നിട്ടും അധികൃതരുടെ മൗനത്തിന് മാറ്റമില്ല.