റിസർവ് ബാങ്കിലും അക്കൗണ്ട് തുറക്കാം, നിക്ഷേപിക്കാം; ആദായം 7.8 ശതമാനം വരെ

0
92

റിസർവ് ബാങ്കിൽ സാധാരണകാരന് നേരിട്ട് അക്കൗണ്ട് തുറക്കാൻ സാധിക്കുമോ? ഇല്ലെന്നായിരിക്കും പൊതുവിലുള്ള ധാരണ. എന്നാലിത് തിരുത്താൻ സമയമായി റിസർവ് ബാങ്ക് 2021 ൽ അവതരിപ്പിച്ച റീട്ടെയിൽ ഡയറക്ട് ഗില്‍ട്ട് അക്കൗണ്ട് എന്നത് റിസർവ് ബാങ്കിൽ സാധാരണക്കാരായ നിക്ഷേപകർക്ക് തുറക്കാവുന്ന അക്കൗണ്ടാണ്.

നിക്ഷേപകര്‍ക്ക് നേരിട്ട് ബോണ്ടുകള്‍ വാങ്ങാനായാണ് റിസര്‍വ് ബാങ്ക് റീട്ടെയിൽ ഡയറക്ട് ഗില്‍ട്ട് (ആർഡിജി) അക്കൗണ്ട് ആരംഭിച്ചത്. ഇതുവഴി റിസര്‍വ് ബാങ്കില്‍ നിന്ന് സര്‍ക്കാര്‍ പുറത്തിറക്കുന്ന ബോണ്ട്, ട്രഷറി ബില്‍, സോവറിയൻ ​ഗോൾഡ് ബോണ്ടുകള്‍, സംസ്ഥാന വികസന വായ്പകള്‍ എന്നിവയിൽ നിക്ഷേപിക്കാൻ സാധിക്കും.

ആര്‍ഡിജി അക്കൗണ്ടുകള്‍ ആരംഭിക്കാനും ഉപയോഗിക്കുന്നതിനും റിസര്‍വ് ബാങ്കിന് പണം നല്‍കേണ്ടതില്ല.10,000 രൂപ മുതൽ 2 കോടി വരെയുള്ള നിക്ഷേപങ്ങൾ ഈ അക്കൗണ്ട് വഴി നടത്താൻ സാധിക്കും. 1 വര്‍ഷത്തെ ട്രഷറി ബില്ലിന് 6.28 ശതമാനം ആദായം ലഭിക്കും. ഇതേസമയം സ്‌റ്റേറ്റ് ബാങ്കിലെ 1 വർഷത്തെ നിക്ഷേപത്തിന് 5.3 ശതമാനമാണ് പലിശ നിരക്ക്.ഇതു പ്രകാരം ബാങ്ക് നിക്ഷേപങ്ങളെക്കാള്‍ ആദായം ഇവിടെ ലഭിക്കും.

4-5 വര്‍ഷം വരെ കാലാവധിയുള്ള ബോണ്ടുകളിൽ 7.18 ശതമാനം ആദായം ലഭിക്കും. 9-10 വര്‍ഷ കാലാവധിയുളള ബോണ്ടുകളിൽ 7.47 ശതമാനം ആദായം ലഭിക്കും. 5 വര്‍ഷത്തെ സംസ്ഥാന വികസന വായ്പളിൽ നിന്ന് 7.83 ശതമാനമാണ് ആദായ നിരക്ക്.

രണ്ട് തരത്തിലാണ് ബോണ്ടുകളിലെ നിക്ഷേപത്തിലൂടെ നികുതി ബാധ്യത വരുന്നത്. കാലാവധിയെത്തുന്നതിന് മുന്‍പ് ബോണ്ട് വില്പന നടത്തുന്നത് വഴിയുള്ള മൂലധന നേട്ടവും കാലവധിയില്‍ വില്പന നടത്തുമ്പോള്‍ ലഭിക്കുന്ന ലാഭത്തിനും നികുതി നൽകണം..

ഒരു വര്‍ഷത്തിനുള്ളില്‍ വിലപന നടത്തുമ്പോള്‍ ലഭിക്കുന്ന ലാഭത്തെ ഹൃസ്വകാല മൂലധന നേട്ടമായും 1 വര്‍ഷത്തിന് ശേഷം വില്പന നടത്തുമ്പോള്‍ ലഭിക്കുന്ന ലാഭത്തെ ദീര്‍ഘകാല മൂലധന നേട്ടമായും കണക്കാക്കും. ഹൃസ്വകാല മൂലധന നേട്ടമാണെങ്കിൽ നിക്ഷേപകന്റെ ആദായ നികുതി സ്ലാബ് അനുസരിച്ചാണ് പലിശ നല്‍കേണ്ടത്. ദീർഘകാല മൂലധന നേട്ടത്തിന് 10 ശതമാനം നികുതി നല്‍കണം. കാലവാധി വരെ നിക്ഷേപം തുടരുകയാണെങ്കിൽ ലഭിക്കുന്ന നേട്ടത്തിന് ആദായ നികുതി സ്ലാബ് അുസരിച്ച് നികുതി നൽകണം.

ആർഡിജി അക്കൗണ്ട് ആരംഭിക്കുന്നതിന് സേവിം​ഗ്സ് ബാങ്ക് അക്കൗണ്ട്, പാൻ നമ്പർ, ഉപയോ​ഗത്തിലുള്ള ഇ-മെയിൽ, മൊബൈൽ നമ്പർ എന്നിവ ഉണ്ടായിരിക്കണം. കെവൈസിയ്ക്കായി ആധാർ, പാസ്പോർട്ട്, ഡ്രൈവിം​ഗ് ലൈസൻസ് എന്നിവയിലേതെങ്കിലുമൊന്ന് കരുതണം. rbiretaildirect.org.in എന്ന വെബ്സൈറ്റിൽ നിന്നാണ് അക്കൗണ്ട് എടുക്കാൻ സാധിക്കുക. “Open RBI Retail Direct Account” എന്ന ഭാ​ഗത്ത് ക്ലിക്ക് ചെയ്ത് നടപടികൾ ആരംഭിക്കാം. വിവരങ്ങൾ പരിശോധിച്ച് സബ്മിറ്റ് ചെയ്യാം. പിന്നീട് രേഖകൾ അപ്ലോഡ് ചെയ്ത് കെവൈസി നടപടികൾ പൂർത്തിയാക്കാം. അക്കൗണ്ട് ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകൾക്ക് 1800 267 7955 എന്ന ടോൾ ഫ്രീ നമ്പർ വഴിയോ support@rbiretaildirect.org.in എന്ന ഇ-മെയിൽ വഴിയോ സഹായം തേടാവുന്നതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here