യു.എൻ: ഈ വർഷം നവംബർ 15ന് ലോക ജനസംഖ്യ 800 കോടിയിലെത്തുമെന്ന് യു.എന്റെ വിലയിരുത്തൽ. 2023-ൽ ഇന്ത്യ ചൈനയെ പിന്തള്ളി ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നും തിങ്കളാഴ്ച യു.എൻ പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. 1950-ന് ശേഷം ഇങ്ങോട്ട് ജനസംഖ്യാ വർധന അതിന് മുമ്പത്തെ അപേക്ഷിച്ച് കുറഞ്ഞനിരക്കിലാണ് കാണുന്നതെന്നാണ് യുഎൻ സാമ്പത്തിക സാമൂഹിക ക്ഷേമ വിഭാഗത്തിന്റെ റിപ്പോർട്ട്.
അടുത്ത ദശാബ്ദങ്ങളിൽ ലോക ജനസംഖ്യാ വർധനവിന്റെ പകുതിയിൽ കൂടുതലും മുഖ്യമായി എട്ടുരാജ്യങ്ങളിലായിരിക്കുമെന്നാണ് അനുമാനം. കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാകിസ്താൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നീ രാജ്യങ്ങളിലാണ് വരുംനാളുകളിൽ ജനസംഖ്യയിൽ കാര്യമായ വർധന പ്രതീക്ഷിക്കുന്നത്. ലോക ജനസംഖ്യാ ദിനത്തോട് അനുബന്ധിച്ചാണ് യുഎൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.
2030-ഓടെ ജനസംഖ്യ 850 കോടിയിലെത്തും. അതുപോലെ 2050-ഓടെ 970 കോടിയായും ജനസംഖ്യ ഉയരും. 1040 കോടിയായിരിക്കും 2080-ലെ ജനസംഖ്യയെന്നാണ് അനുമാനം. അതിന് ശേഷം 2100 വരെ ജനസംഖ്യയിൽ കാര്യമായ വർധനവുണ്ടാകാനിടയില്ല. അതേസമയം പല വികസ്വര രാജ്യങ്ങളിലും ജനനനിരക്കിൽ കാര്യമായ കുറവുണ്ട്.