ന്യൂയോര്‍ക്ക് സിറ്റി: ട്വിറ്റര്‍ ഏറ്റെടുക്കാനുള്ള നടപടിയില്‍ നിന്ന് പിന്മാറിയ ഇലോണ്‍ മസ്‌കിനെതിരെ നിയമനടപടിക്കൊരുങ്ങി ട്വിറ്റര്‍ അധികൃതര്‍. ഇലോണ്‍ മസ്‌കിനെതിരെ കേസെടുക്കാനും ട്വിറ്ററിന്റെ 44 ബില്യണ്‍ ഡോളര്‍ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തെ നിര്‍ബന്ധിതരാക്കാനുമായി യു.എസ് നിയമ സ്ഥാപനമായ വാച്ച്ടെല്‍, ലിപ്റ്റണ്‍, റോസന്‍ & കാറ്റ്സ് എല്‍ എല്‍ പിയുടെ സഹായം തേടിയിരിക്കുകയാണ് ട്വിറ്റര്‍.
ഈ ആഴ്ച ആദ്യം ഡെലവെയറില്‍ ഒരു കേസ് ഫയല്‍ ചെയ്യാന്‍ ട്വിറ്റര്‍ പദ്ധതിയിടുന്നു എന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്. 2018-ല്‍ ടെസ്ലയെ പ്രൈവറ്റ് ആക്കാനുള്ള മസ്‌കിന്റെ പദ്ധതിയുടെ നിയമോപദേശകരില്‍ ഒരാളായിരുന്നു വാച്ച്ടെല്‍, ലിപ്ടണ്‍, റോസന്‍ & കാറ്റ്സ്.ടെസ്ലയെ സ്വകാര്യമാക്കാനുള്ള 72 ബില്യണ്‍ ഡോളറിന്റെ ഇടപാടിന് ‘ഫണ്ടിംഗ് സുരക്ഷിതമായി’ ഉണ്ടെന്ന് മസ്‌ക് ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഓഫറുമായി മുന്നോട്ട് പോയില്ല. മസ്‌കും ടെസ്ലയും 20 മില്യണ്‍ ഡോളര്‍ വീതം സിവില്‍ പിഴയായി അടച്ചിരുന്നു.
മാത്രമല്ല നിക്ഷേപകരെ വഞ്ചിച്ചുവെന്ന യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് കമ്മീഷന്‍ അവകാശവാദം പരിഹരിക്കാന്‍ മസ്‌ക് ടെസ്ലയുടെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ടെസ്ലയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മസ്‌ക് ട്വിറ്ററുമായുള്ള കരാര്‍ അവസാനിപ്പിച്ചത്.
ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതില്‍ ട്വിറ്റര്‍ പരാജയപ്പെട്ടു എന്ന് പറഞ്ഞാണ് ലോകത്തിലെ ഏറ്റവും വലിയ ധനികനായ മസ്‌ക് കരാറില്‍ നിന്ന് പിന്മാറിയതായി അറിയിച്ചത്. 44 ശതലക്ഷം അമേരിക്കന്‍ ഡോളറിനാണ് ട്വിറ്ററിനെ വാങ്ങുവാന്‍ ഇലോണ്‍ മസ്‌ക് കഴിഞ്ഞ ഏപ്രിലില്‍ കരാര്‍ ഒപ്പിട്ടത്.അതേസമയം തങ്ങളുടെ ഭാഗത്ത് നിന്നും കരാറിലെ ഒരു മുന്‍കൂര്‍ വ്യവസ്ഥകളും തെറ്റിച്ചിട്ടില്ലെന്നും മസ്‌കിന്റെ അവസാന നിമിഷത്തിലെ മനം മാറ്റം നിയമലംഘനമാണെന്നും ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സേ പറഞ്ഞിരുന്നു. നിയമനടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു.