എന്താണ് ഞാറ്റുവേലകൾ?

0
78

കാലാവസ്ഥാ ശാസ്ത്രവുമായി ഞാറ്റുവേലക്ക് ബന്ധമൊന്നുമില്ലെങ്കിലും മലയാളിയുടെ കാർഷിക കലണ്ടറിൽ പ്രധാന ഇടംതന്നെയുണ്ട് ഞാറ്റുവേലകൾക്ക്. കൊമ്പൊടിച്ചു കുത്തിയാലും കിളിർക്കും എന്നാണ് തിരുവാതിര ഞാറ്റുവേലയെ കുറിച്ചുള്ള പഴമൊഴി. മലയാള മാസമായ മിഥുനം ഏഴിനാണ് തിരുവാതിര ഞാറ്റുവേല. അതായത് ജൂൺ 21 ഞായർ. ഈ വർഷം അത് ജൂൺ 22 ന്. സാധാരണ തിരിമുറിയാത്ത മഴയെന്നാണ് തിരുവാതിര ഞാറ്റുവേലയെകുറിച്ച് പറയുക. ഫലവൃക്ഷത്തൈകളും ചെടികളും നടാൻ ഏറ്റവും അനുയോജ്യമായ സമയം എന്നാണ് കർഷകർ ഇതേ കുറിച്ച് പറയുന്നത്. ഒരാഴ്ച വെയിലും ഒരാഴ്ച മഴയുമാണ് ഞാറ്റുവേലയിലെ പ്രത്യേകത. ഞായർ (സൂര്യൻ) ന്റെ വേള (സമയം) ആണ് ഞാറ്റുവേലയായി ലോപിച്ചത്. ഭൂമിയിൽ നിന്ന് സൂര്യനെ നോക്കുമ്പോൾ ഏത് നക്ഷത്രത്തിന്റെ അടുത്താണോ ആ നക്ഷത്രത്തിന്റെ പേരിലാണ് ഞാറ്റുവേല അറിയപ്പെടുക. സൂര്യൻ തിരുവാതിര നക്ഷത്രത്തിന് അടുത്താണെങ്കിൽ തിരുവാതിര ഞാറ്റുവേല എന്നർഥം. അങ്ങനെ അശ്വതി, ഭരണി, കാർത്തിക, രോഹിണി, മകിയിരം, തിരുവാതിര തുടങ്ങിയ ഞാറ്റുവേലകളുണ്ട്. അശ്വതി മുതൽ രേവതി വരെയുള്ള ഓരോ ഞാറ്റുവേലയിലും ഏതെല്ലാം കൃഷിപ്പണികൾ ചെയ്യണം എന്നറിയാൻ വ്യക്തമായ കാർഷിക കലണ്ടറുകൾ പഴമക്കാർ തയാറാക്കിയിരുന്നു. ഒരു വർഷം ലഭിക്കുന്ന മഴയുടെ വിതരണത്തെയും സസ്യങ്ങളുടെ വളർച്ചയെയും സാമ്പ്രദായിക കൃഷി അനുഭവ പരിജ്ഞാനത്തെയും അടിസ്ഥാനമാക്കിയാണ് ഞാറ്റുവേലകൾ രൂപപ്പെടുത്തിയത്.

ഞാറ്റുവേലയും കൃഷിയും
ഞാറ്റുവേലകൾ 27 തരം 27 നക്ഷത്രങ്ങൾക്ക് 27 ഞാറ്റുവേലകളുണ്ട്. ഇതിൽ 10 എണ്ണം നന്നായി മഴ ലഭിക്കുന്നവയാണ്. എല്ലാ ഞാറ്റുവേലകളുടെയും ശരാശരി ദൈർഘ്യം പതിമൂന്നര ദിവസമാണെങ്കിൽ തിരുവാതിരയുടേത് 15 ദിവസമാണ്. ഇതിൽ ഒരാഴ്ച മഴ കിട്ടുമെന്നാണ് കർഷകരുടെ വിശ്വാസം. ജൂൺ 21 ന് തുടങ്ങുന്ന തിരുവാതിര ഞാറ്റുവേല ജൂലൈ 3 വരെയുണ്ടാകും. കുരുമുളകിന്റെ പരാഗണം ഈ സമയത്താണ്. ഇതാണ് മുൻപ് സാമൂതിരി രാജാവ് പറഞ്ഞത്. വൈദേശികർക്ക് നമ്മുടെ കുരുമുളക് കൊണ്ടുപോയാലും തിരുവാതിര ഞാറ്റുവേല കൊണ്ടുപോകാൻ കഴിയില്ലല്ലോ എന്നായിരുന്നു എന്നത് ഞാറ്റുവേലയുടെ പ്രാധാന്യം മനസിലാക്കാനാകും.
ഈ വർഷം തിരുവാതിര ഞാറ്റുവേലക്ക് എന്ത് സംഭവിച്ചു?

ജൂൺ 22 നാണ് ഇത്തവണ ഞാറ്റുവേല പിറന്നത്. ഞാറ്റുവേലകൾ പകലും രാത്രിയും പിറക്കുമെന്നാണ് ജ്യോതിഷക്കാർ പറയുന്നത്. പരമ്പരാഗത കാർഷകരും ഇതെല്ലാം അവലംബിച്ചാണ് കൃഷി ചെയ്തിരുന്നത്. ശാസ്ത്രീയമായി ഞാറ്റുവേലയും കാലാവസ്ഥയും തമ്മിൽ ബന്ധമൊന്നും തെളിയിക്കപ്പെട്ടിട്ടില്ലെങ്കിൽ പോലും വെതർ സിസ്റ്റങ്ങൾ ഈ സമയം ഒത്തുവരികയും മഴ ലഭിക്കുകയും ചെയ്യാറുണ്ട്. ഞാറ്റുവേലക്ക് സൂര്യനുമായി ബന്ധമുള്ളതിനാൽ കാലാവസ്ഥയിൽ സൂര്യന്റെ ചലനവുമായി ബന്ധമുള്ളതും സോളാർ റേഡിയേഷൻ, ഭൂമിയിൽ നിന്ന് ബഹിർഗമിക്കുന്ന ഔട്ട്‌ഗോയിങ് ലോങ് വേവ് റേഡിയേഷൻ (ഒ.എൽ.ആർ) എന്നിവയെല്ലാം ബന്ധപ്പെട്ടു ഒത്തുവരുന്നതാണ് മഴയെ സ്വാധീനിക്കുന്നത്. ഞാറ്റുവേല സീസണിൽ ഒ.എൽ.ആർ 200 എം. ഡബ്ല്യു സ്‌ക്വയറിനു താഴെ വരാറുണ്ട്. അത് നമുക്ക് മൺസൂൺ സജീവമായി നിൽക്കുന്ന സമയം കൊണ്ടാണെന്നാണ് ശാസ്ത്രം വിശദീകരിക്കുന്നത്.
മഴയില്ലാതെ ഞാറ്റുവേല
ഏതായാലും ഈ വർഷം തിരുവാതിര ഞാറ്റുവേല തുടങ്ങിയ ജൂൺ 22 ന് കേരളത്തിൽ ഭേദപ്പെട്ട മഴയുണ്ടായിരുന്നു. പീന്നീട് മഴയുടെ അളവ് കുറഞ്ഞു. രണ്ടു നാൾ കാത്തിരുന്നിട്ടും മഴ കനത്തില്ല. ഞാറ്റുവേല തുടങ്ങുമ്പോൾ ആഗോളമഴപാത്തിയായ മാഡൻ ജൂലിയൻ ഓസിലേഷൻ അറ്റ്‌ലാന്റിക് സമുദ്രത്തിലായിരുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലേക്ക് എത്തിയത് ജൂൺ അവസാനത്തോടെയാണ് ജൂലൈ മുതൽ മഴ സജീവമാകുകയും ചെയ്തു. മെറ്റ്ബീറ്റ് വെതർ ജൂലൈ ഒന്നും രണ്ടും ആഴ്ചകളിൽ മഴ ശക്തിപ്പെടുമെന്നും പ്രവചിച്ചിരുന്നു. ഒരാഴ്ച മഴയും ഒരാഴ്ച വെയിലും എന്ന തിരുവാതിര ഞാറ്റുവേലയിൽ ഒരാഴ്ച മഴ ലഭിച്ചത് അവസാനമാണ്. സാധാരണ തുടക്കത്തിലാണ് മഴ ലഭിക്കാറുള്ളത്. ജൂലൈ 6 ന് തിരുവാതിര ഞാറ്റുവേല അവസാനിക്കുകയും പുണർതം ഞാറ്റുവേല തുടങ്ങുകയും ചെയ്തു.
ഞാറ്റുവേലകൾ പകൽ പിറന്നാൽ മഴ കുറയും എന്നാണ് പഴമക്കാരുടെ വിശ്വാസം. ജൂൺ 22 ബുധനാഴ്ച രാവിലെ 11.42 നാണ് ഇത്തവണ തിരുവാതിര ഞാറ്റുവേല പിറന്നത്. ജൂലൈ 6 നു രാവിലെ 11.13 ന് പുണർതം ഞാ്റ്റുവേല തുടങ്ങി. ഇതും പകലാണ് പിറന്നത്. ഈ മാസം 20 ന് പൂയം ഞാറ്റുവേല പിറക്കുന്നതും പകലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here