ന്യൂഡൽഹി: സ്വച്ഛ് ഭാരത് മിഷൻ പദ്ധതിക്ക് നേതൃത്വം നൽകി ശ്രദ്ധേയനായ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥനും മലയാളിയുമായ പരമേശ്വരൻ അയ്യർ നിതി ആയോഗിന്റെ പുതിയ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായി (സി.ഇ.ഒ.) നിയമിതനായി. നിലവിലെ സി.ഇ.ഒ. അമിതാഭ് കാന്ത് ഈ മാസം 30-ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. കോഴിക്കോട് കുടുംബവേരുകളുള്ള പരമേശ്വരൻ അയ്യർ 1981 ബാച്ച് ഉത്തർപ്രദേശ് കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ്.
ജലവിഭവം, ശുചിത്വം തുടങ്ങിയ മേഖലകളിൽ നൂതനാശയങ്ങൾ ആവിഷ്കരിക്കുന്നതിനുള്ള വൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുള്ള അയ്യർ 1998 മുതൽ 2006 വരെ ഐക്യരാഷ്ട്രസഭയിൽ മുതിർന്ന ഗ്രാമീണ ജലശുചിത്വ വിദഗ്ധനായും പ്രവർത്തിച്ചിട്ടുണ്ട്. 2020-ൽ കുടിവെള്ളം-ശുചിത്വമന്ത്രാലയം സെക്രട്ടറി പദവിയിൽനിന്ന് വിരമിച്ച് ലോകബാങ്കിൽ പ്രവർത്തിക്കാനായി അമേരിക്കയിൽ പോയി. നിലവിൽ അവിടെയാണ് പ്രവർത്തനം. കോഴിക്കോടാണ് കുടുംബവേരുകളെങ്കിലും ശ്രീനഗറിലാണ് പരമേശ്വരൻ ജനിച്ചത്. ഡൂൺ സ്കൂളിലും ഡൽഹിയിലെ സെയ്ന്റ് സ്റ്റീഫൻസ് കോളേജിലുമായിരുന്നു വിദ്യാഭ്യാസം.
വ്യോമസേനയിൽനിന്ന് എയർ മാർഷൽ പദവിയിൽ വിരമിച്ച പി.വി. അയ്യരുടെയും കല്യാണിയുടെയും മകനാണ്. പരമേശ്വരന്റെ നിയമനം രണ്ടുവർഷത്തേക്കാണെന്ന് കേന്ദ്ര പഴ്സണൽ വകുപ്പ് വെള്ളിയാഴ്ച പുറത്തിറക്കിയ ഉത്തരവിൽ അറിയിച്ചു.