ചെന്നൈ: നോർവേ ചെസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് ഇന്ത്യയുടെ യുവ ഗ്രാൻഡ് മാസ്റ്റർ ആർ.പ്രജ്ഞാനന്ദ. ഗ്രൂപ്പ് എ വിഭാഗത്തിൽ ഒൻപത് റൗണ്ടുകളിൽ നിന്നായി 7.5 പോയന്റ് നേടിക്കൊണ്ടാണ് പ്രജ്ഞാനന്ദ കിരീടം നേടിയത്.
വെറും 16 വയസ്സ് മാത്രമുള്ള പ്രജ്ഞാനന്ദയായിരുന്നു ടൂർണമെന്റിലെ ടോപ് സീഡ്. ഒൻപത് റൗണ്ടിൽ ഒറ്റ തോൽവി പോലും നേടാതെയാണ് പ്രജ്ഞാനന്ദ ജേതാവായത്. ഇസ്രായേലിന്റെ മാർസൽ എഫ്രോയിംസ്കി രണ്ടാമതും സ്വീഡന്റെ ഇം യങ് മിൻ സിയോ മൂന്നാമതുമെത്തി.
മറ്റൊരു ഇന്ത്യൻ താരമായ പ്രണീത് ആറുപോയന്റുമായി ആറാം സ്ഥാനത്തെത്തി. അവസാന റൗണ്ടിൽ പ്രണീതിനെ തകർത്താണ് പ്രജ്ഞാനന്ദ കിരീടം നേടിയത്. ആറുവിജയവും മൂന്ന് സമനിലയുമാണ് പ്രജ്ഞാനന്ദ ടൂർണമെന്റിൽ നിന്ന് നേടിയത്.
ഈയിടെയായി ചെസ്സ് ലോകത്ത് തരംഗമാകുകയാണ് പ്രജ്ഞാനന്ദ. ലോകചാമ്പ്യനായ മാഗ്നസ് കാൾസണെ രണ്ട് തവണ അട്ടിമറിച്ച ഈ കൗമാരതാരം ഇതിനോടകം വാർത്തകളിൽ ഇടംനേടിയിട്ടുണ്ട്. ഈ വിജയത്തോടെ അടുത്ത മാസം ഇന്ത്യയിൽ വെച്ച് നടക്കുന്ന ചെസ്സ് ഒളിമ്പ്യാഡിൽ പങ്കെടുക്കാൻ പ്രജ്ഞാനന്ദ യോഗ്യത നേടി. ഇന്ത്യ ടീം ബിയിലാണ് താരം ഉൾപ്പെട്ടിരിക്കുന്നത്.